തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പീഡനക്കേസുകളില്‍ ആരോപണവിധേയരായവരെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഹൈക്കമാന്‍ഡിനെ സമീപിച്ച് ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍.
എം. വിന്‍സന്റ് എം.എല്‍.എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്നും കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പീഡനക്കേസില്‍ പ്രതിയായ എം. വിന്‍സെന്റ് എം.എല്‍.എയെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ക്കാണ് നേതാക്കള്‍ കൂട്ടത്തോടെ കത്തയച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനെ കോവളത്ത് ദുര്‍ബലപ്പെടുത്തിയത് എം. വിന്‍സന്റാണെന്നാണ് നേതാക്കളുടെ പരാതി. മുന്‍കെ.പി.സി.സി അംഗങ്ങള്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എം. വിന്‍സന്റിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കേരളത്തിലെ പാര്‍ട്ടി നേതൃത്വം പരാതിയെ മുഖവിലക്കെടുത്തില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ വിഘടിപ്പിച്ച് ദുര്‍ബലപ്പെടുത്തുകയാണ് എം. വിന്‍സന്റ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്.
വീട്ടമ്മയ്ക്ക് എതിരായ ലൈംഗികാതിക്രമ പരാതി വിന്‍സന്റ് എം.എല്‍.എയ്ക്ക് എതിരെ ഉയര്‍ന്നത് പാര്‍ട്ടിയെ വലിയരീതിയില്‍ ക്ഷീണിപ്പിച്ചു.
എം.എല്‍.എയായ ആദ്യതവണ തന്നെ ഇത്തരത്തില്‍ കേസിലകപ്പെട്ടത് കോണ്‍ഗ്രസിന്റെ പേരിന് കളങ്കം വരുത്തിയെന്നും നേതാക്കളുടെ കത്ത് ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും കത്തില്‍ പരാമര്‍ശമുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ത്രീ പീഡനക്കേസുകളില്‍ പ്രതിയാകുന്നവരെ ദയവായി മത്സരരംഗത്ത് നിന്നും മാറ്റി നിര്‍ത്തണമെന്നാണ് കത്തില്‍ നേതാക്കളുടെ ആവശ്യം.
Content Highlight: Congress leaders’ letter to high command against M. Vincent