| Friday, 3rd October 2025, 4:10 pm

മോദി ആധുനിക രാവണന്‍ ഇനി അധികകാലം അധികാരത്തിലുണ്ടാവില്ല; സുവര്‍ണകൊട്ടാരം കത്തും: ഉദിത് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക രാവണന്റെ പ്രതീകമാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. മോദി ഇനി അധികകാലം അധികാരത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ താമസിയാതെ തീ പടരുമെന്നും ഉദിത് പറഞ്ഞു.

‘ദൽഹിയിലെ രാവണനെ ചുട്ടെരിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. അതിനുള്ള സമയം അടുത്തിരിക്കുന്നു. ആധുനിക രാവണന്റെ പ്രതീകമാണ് മോദി. അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ കഴിയില്ല. താമസിയാതെ അദ്ദേഹത്തിന്റെ ലങ്കയിൽ തീ പടരും.മോദിയുടെ സ്വർണ കൊട്ടാരം നിന്നുകത്തുന്നത് അദ്ദേഹത്തിന് കാണാം,’ ഉദിത് രാജ് പറഞ്ഞു.

അടുത്ത ആഴ്ച താലിബാൻ മന്ത്രി ഇന്ത്യയിലേക്ക് വരുന്നതിനെയും ഉദിത് രാജ് വിമർശിച്ചിരുന്നു. ഇത് ഇന്ത്യയുടെ വിദേശനയത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി വിജയിച്ചെന്ന് കാണിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവർ പരാജയപ്പെടുകയാണ്. ചൈനയുമായും, യു.എസുമായും നല്ലബന്ധമുണ്ടെന്ന് കാണിക്കുന്നു.പക്ഷെ അത് വിപരീതമായാണ് വരുന്നത്. അഫ്ഗാനിസ്ഥാൻ നമ്മുടെ അയൽരാജ്യമാണ് എന്ത് സംഭവിക്കുമെന്ന് നോക്കാം,’ ഉദിത് പറഞ്ഞു.

സ്ഥിരമായ അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുന്നുണ്ടെന്നും സത്യസന്ധമായി പറഞ്ഞാൽ ഒരു രാജ്യവും ഇന്ത്യക്കൊപ്പം നിൽക്കുന്നില്ലെന്നും അത് നമ്മുടെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കുന്നതിനാലാണ് വ്ലാദിമിർ പുടിൻ ഇന്ത്യയ്ക്ക് അനുകൂലമായി നിൽക്കുന്നതെന്നും ഉദിത് പറഞ്ഞു.

ഇതിനിടയിൽ  താനും കർണാടക ഉപമുഖ്യമന്ത്രിയുമായുള്ള പാർട്ടിയിലുള്ള സംഘർഷത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. അത്തരത്തിൽ ഒരു സംഘർഷവുമില്ലെന്നും ഇതൊക്കെ എല്ലാ പാർട്ടിയിലും സംഭവിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചേർത്തു.

ഇതിനെതിരെ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. ഉദിത് രാജിന്റെ പ്രസ്താവനകൾ അതിരുകടക്കുന്നുവെന്ന് ഷെഹ്‌സാദ് പൂനാവാലയടക്കമുള്ള ബി.ജെ.പി. നേതാക്കൾ വിമർശിച്ചു.

ഒരു വ്യക്തിയോടുള്ള വെറുപ്പിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനാ പദവികൾക്കുള്ള മാന്യതയെ മറക്കുന്നുവെന്നും ബി.ജെ.പി തിരിച്ചടിച്ചു.

മുഹബത് കി ദുകാൻ ഓർ നഫ്രത് കെ ഭായ്ജാൻ എന്ന് ഷെഹ്‌സാദ് എക്സിൽ പറഞ്ഞു. തെലങ്കാനയിലെ കോൺഗ്രസ് എം.എൽ.എ പ്രഭു റാം മോദിയെ അധിക്ഷേപിച്ചിരുന്നെന്നും ഇത് അതിലേറെ അതിരുകടന്നെന്നും ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

ഇന്ത്യയ്ക്കും മോദിയ്ക്കും എതിരെയുള്ള വിദ്വേഷ പരാമർശങ്ങൾ കോൺഗ്രസ് നേതാക്കൾ സ്ഥിരമാക്കിയിരിക്കുന്നെന്നും ഉദിത് രാജ് മുൻകാലങ്ങളിൽ മാവോയിസ്റ്റുകളെ ന്യായീകരിക്കുകയും ആർ.എസ്.എസിനെ ഭീകരർ എന്നുവിളിക്കുകയും ചെയ്തിട്ടുണ്ടെന്നും പൂനാവാല പറഞ്ഞു.

ഉദിത് രാജിന് രാഹുൽ ഗാന്ധി വ്യക്തമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്ന് ബിജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു.

‘എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്‌ ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുകയെന്ന നിർദേശം രാഹുൽ ഗാന്ധി ഉദിത്തിന് വ്യക്തമായി നൽകുന്നുണ്ട്. ഇന്ന് രാവിലെ ഉദിത് രാജ് എഴുന്നേറ്റത് പ്രധാനമന്ത്രിയുടെ വീട് കത്തിക്കണമെന്ന് ആഗ്രഹിച്ചാണെന്ന് തോന്നുന്നു,’ പ്രദീപ് ഭണ്ഡാരി പറഞ്ഞു.

Content Highlight: Congress leader Udit Raj says PM Narendra Modi is a symbol of modern Ravana

We use cookies to give you the best possible experience. Learn more