ന്യൂദല്‍ഹി: റെഡ് കാര്‍പ്പെറ്റിലൂടെ നടന്ന് ചായവില്‍ക്കുന്ന പ്രധാനമന്ത്രിയുടെ എ.ഐ വീഡിയോ പങ്കുവെച്ച കോണ്‍ഗ്രസ്സ് നേതാവിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി.
സോഷ്യല്‍മീഡിയയില്‍ മറ്റാരോ പങ്കുവെച്ച ഒരു വീഡിയോയായിരുന്നു കോണ്‍ഗ്രസ് വക്താവ് രാഗിണി നായിക്ക് ഒരു അടിക്കുറിപ്പോടെ പങ്കുവെച്ചത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പോസ്റ്റ്.
ലോകരാജ്യങ്ങളുടെ പതാകകളുടെ പശ്ചാത്തലത്തില്‍ റെഡ് കാര്‍പ്പറ്റിലൂടെ ഇളം നീല കോട്ടും കറുത്ത പാന്റും കൈയില്‍ ഒരു ചായ കെറ്റിലും ഗ്ലാസുകളുമായി ചായ് ബോലോ ചായിയേ….എന്ന് വിളിച്ച് മോദി നടക്കുന്ന തരത്തിലുള്ളതാണ് വീഡിയോ.
ഇതാരാണ് ചെയ്തത് എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ വീഡിയോ രാഗിണി നായിക് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി എത്തിയത്.
നാണമില്ലാത്ത പ്രവര്‍ത്തിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്. ‘രേണുക ചൗധരി പാര്‍ലമെന്റിനെ അപമാനിച്ചതിന് ശേഷം രാഗിണി നായിക്ക് പ്രധാനമന്ത്രിയുടെ പശ്ചാത്തലത്തെ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു.
പിന്നാക്ക സമുദായത്തില്‍പെട്ട കഠിനാധ്വാനിയായ ഒരു പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ വരേണ്യ വര്‍ഗക്കാരായ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇപ്പോയും കഴിയുന്നില്ല.
ഇതിന് മുന്‍പ് 150 തവണ അവര്‍ പ്രധാനമന്ത്രിയ ഇതിന്റെ പേരില്‍ അധിക്ഷേപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മയെ പോലും വെറുതെവിട്ടിട്ടില്ല. ആളുകള്‍ ഇവരോട് ഒരിക്കലും ക്ഷമിക്കില്ല’, ബി.ജെ.പി വക്താവും മുന്‍ കോണ്‍ഗ്രസ്സ് നേതാവുമായ ഷെഹ്‌സാദ് പുനെവാല എക്‌സില്‍ കുറിച്ചു.
ഗുജറാത്തിലെ വാട്‌നഗര്‍ സ്റ്റേഷനില്‍ തന്റെ അച്ഛന്‍ ചായക്കട നടത്തിയിരുന്നുവെന്നും കുട്ടിക്കാലത്ത് താന്‍ അച്ഛനെ സഹായിച്ചിരുന്നുവെന്നും പ്രധാനമന്ത്രി വിവിധ പ്രസംഗങ്ങളില്‍ മുന്‍പും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ ചായ്‌വാല പോസ്റ്റുകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.
2014 ജനുവരിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദിയെ കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ ‘ചായക്കാരന്‍ എന്ന് പരിഹസിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ബി.ജെ.പിക്ക് അന്നത് വലിയ രാഷ്ട്രീയ നേട്ടമായി മാറുകയാണ് ചെയ്തത്.
മോദിയെ സാധാരണക്കാരിലൊരാളായി അവതരിപ്പിച്ചാണ് ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് തേടിയത്. ചായ് പേ ചര്‍ച്ച എന്ന പ്രചരണത്തിന് വരെ തുടക്കമിടാന്‍ ബി.ജെ.പിക്ക് ഇതിലൂടെ സാധിക്കുകയും ചെയ്തിരുന്നു.
Content Highlight: Congress leader shares AI video of PM Modi carrying tea, BJP hits back