| Sunday, 19th October 2025, 9:20 pm

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന വേദിയില്‍ വെച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. വെള്ളാപ്പള്ളി മനസില്‍ ഒന്നുവെച്ച് വേറെ കാര്യം പറയില്ലെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നുമാണ് ചെന്നിത്തല പുകഴ്ത്തിയത്.

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണെങ്കിലും, അതുപോലെ തന്നെ ധാരാളം സ്‌നേഹവും ഏറ്റുവാങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗീയ പ്രസ്താവനകളെ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് ചെന്നിത്തലയുടെ പുകഴ്ത്തല്‍.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി കേരളത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചെന്നും നിലപാടുകള്‍ എങ്ങനെ എസ്.എന്‍.ഡി.പിക്ക് പ്രയോജനപ്പെടുത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നെന്നും ഏറ്റവും അഭിനന്ദനാര്‍ഹമായ പദ്ധതി മൈക്രോ ഫിനാന്‍സിങ് ആണെന്നും ദാരിദ്ര നിര്‍മാര്‍ജനവും തൊഴില്‍ ഇല്ലായ്മയെയും പരിഹരിക്കാനുള്ള കണ്ടെത്തലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം അറിയിച്ച് വെള്ളാപ്പള്ളിക്ക് ആശംസകളും നേര്‍ന്നു. അതേസമയം, വെള്ളാപ്പള്ളിക്ക് പിന്തുണ വര്‍ധിക്കുന്നുവെന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചുവെന്നും മന്ത്രി കെ.എന്‍. ബാലഗോപാലും പറഞ്ഞു. രാഷ്ട്രീയം വ്യത്യസ്തമായിരിക്കും എന്നാല്‍ വിശ്വാസം വിശ്വാസം തന്നെയാണെന്നും എസ്.എന്‍.ഡി.പിക്കും വെള്ളാപ്പള്ളിക്കും ആശംസകളെന്നും ബാലഗോപാല്‍ പറഞ്ഞു.

Content Highlight: Congress leader Ramesh Chennithala praised Vellappally Natesan
We use cookies to give you the best possible experience. Learn more