| Friday, 14th November 2025, 1:10 pm

മോദി-ഷാ ഭരണത്തില്‍ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് ഇനി ഇന്ത്യയില്‍ നടക്കില്ല, ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന അതേ അട്ടിമറി: ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിലും ഹരിയാനയിലും ഉണ്ടായ അതേ തെരഞ്ഞെടുപ്പ് ഫലമാണ് ബീഹാറിലും ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

‘മഹാരാഷ്ട്രയിലും ഹരിയാനയിലും എന്ത് നടന്നു എന്ന് രാഹുല്‍ ജനങ്ങളോട് പറഞ്ഞു കഴിഞ്ഞല്ലോ. അതിന്റെ തുടര്‍ച്ചയാണ് ഇത്. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ് എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഇത്.

നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലയില്‍ ഇന്ത്യയില്‍ ഇനി തെരഞ്ഞെടുപ്പ് നടക്കില്ല. ഈ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേര്‍ന്ന് ഉണ്ടാക്കിയ അട്ടിമറിയാണ്.

ഇനി എന്തുവേണം എന്നുള്ളത് എല്ലാവരും ആലോചിക്കേണ്ട കാര്യമാണ്. മോദി-ഷാ ഭരണത്തിന്റെ കീഴില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ ഒരു തെരഞ്ഞെടുപ്പ് ഇനി ഇന്ത്യയില്‍ നടക്കില്ല എന്നുള്ളതിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ബീഹാറില്‍ നടന്നത്.

മഹാരാഷ്ട്രയില്‍ ഇത് നടന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. ഹരിയാനയില്‍ നടന്നപ്പോള്‍ പറഞ്ഞു. പരാതികള്‍ കൊടുത്തു. ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഇത് ബീഹാറിലും ആവര്‍ത്തിച്ചിരിക്കുന്നു. എന്ത് വേണമെന്ന് ഇനി ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ഗൗരവത്തോടെ ആലോചിക്കേണ്ട കാര്യമാണ്,’ ചെന്നിത്തല പറഞ്ഞു.

പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് ബീഹാറില്‍ കോണ്‍ഗ്രസ്. വെറും അഞ്ച് സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്.

ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. 2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്.

അന്ന് 19 സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. അന്ന് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടു വിഹിതം 9. 48 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ ബി.ജെ.പിക്കെതിരെ വലിയ ക്യാമ്പയിന്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

എസ്.ഐ.ആറിനെതിരായ ശക്തമായ പ്രതിഷേധവും ബി.ജെ.പിക്കെതിരായ വോട്ട് ചോരി വെളിപ്പെടുത്തലുമെല്ലാം വോട്ടായി മാറുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും വോട്ടായില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് ലീഡുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും പാര്‍ട്ടി ഏറെ പിന്നില്‍ പോയി.

Content Highlight: Congress Leader Ramesh Chennithala about Bihar Election

We use cookies to give you the best possible experience. Learn more