ന്യൂ ദല്‍ഹി: 30 ദിവസത്തോളം ജയിലിലടക്കപ്പെട്ട മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതായി തോന്നുന്നു എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്ന് (ബുധനാഴ്ച) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 30 ദിവസത്തോളം ജയിലിലടക്കപ്പെട്ടാല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരെ നീക്കം ചെയ്യാന്‍ കഴിയുന്ന ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.
രാജാവിന് ആരെയും സ്വന്തം ഇഷ്ടപ്രകാരം പുറത്താക്കാന്‍ കഴിയുന്ന മധ്യകാലത്തേക്ക് നമ്മള്‍ തിരികെ പോകുകയാണെന്നും ആരുടെയെങ്കിലും മുഖം ഇഷ്ടമില്ലെങ്കില്‍ അവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാമെന്നും പുതിയ ബില്ലിനെ മുന്‍ നിര്‍ത്തി രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. മാത്രമല്ല ഭരണഘടനയെ ആക്രമിക്കുന്നവരും അതിനെ പ്രതിരോധിക്കുന്നവരും തമ്മില്‍ ഒരു യുദ്ധം നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാജാവിന് ആരെയും സ്വന്തം ഇഷ്ടപ്രകാരം പുറത്താക്കാന്‍ കഴിയുമായിരുന്ന മധ്യകാലത്തേക്ക് നമ്മള്‍ തിരികെ പോകുകയാണ്. ആരുടെയെങ്കിലും മുഖം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറോട് ആവശ്യപ്പെടുകയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരാളെ 30 ദിവസത്തിനുള്ളില്‍ പുറത്താക്കാന്‍ സാധിക്കുകയും ചെയ്യും. ഭരണഘടനയെ ആക്രമിക്കുന്നവരും അതിനെ പ്രതിരോധിക്കുന്നവരും തമ്മില്‍ ഒരു യുദ്ധം നടക്കുകയാണ്. ക്രൂരമായ നിയമനിര്‍മാണം ആണിത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അമിത് ഷാ അവതരിപ്പിച്ച ബിൽ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.
‘ഇത് ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ ലംഘിക്കുന്നു. അമിത ഷാ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചിരുന്നില്ല,’ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
പുതിയ ബിൽ അനുസരിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുകയും 30 ദിവസം കസ്റ്റഡിയില്‍ കഴിയുകയും ചെയ്താല്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ ആയവര്‍ 31ാം ദിവസം സ്ഥാനത്ത് നിന്നും നീക്കപ്പെടും. അതേസമയം കസ്റ്റഡിയില്‍ നിന്നും മോചിതരായാല്‍ അവരെ വീണ്ടും നിയമിക്കാം എന്നു ബില്ലില്‍ പറയുന്നു.
മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി തുടങ്ങിയ നേതാക്കള്‍ ജയിലില്‍ ആയിരുന്നിട്ടും പദവികളില്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
Content Highlight: Rahul Gandhi has Criticised controversial bills that provide for the removal of a Ministers