| Wednesday, 7th January 2026, 4:25 pm

ഞാന്‍ കാരണം രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു, ആ കുറ്റബോധം എനിക്കുണ്ട്, എം.പിമാര്‍ മത്സരിക്കേണ്ട: കെ. മുരളീധരന്‍

ആദര്‍ശ് എം.കെ.

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം.

സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.പിമാര്‍ മത്സരിക്കുന്നതില്‍ വിലക്കില്ല എന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കം വ്യക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറയുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, 100 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും യു.ഡി.എഫും പടയൊരുക്കം നടത്തുന്നത്. ഇതിനുള്ള മാര്‍ഗനിര്‍ദേശം സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന കെ.പി.സി.സി ലക്ഷ്യ 2026 ലീഡര്‍ സമ്മിറ്റില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അവതരിപ്പിക്കും.

ഫെബ്രുവരി ആദ്യത്തോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭയില്‍ യു.ഡി.എഫ് 85 സീറ്റുകള്‍ ഉറപ്പായും നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ മുന്‍നിര്‍ത്തി ഭരണം നേടുമെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിക്കുന്നത്.

കാസര്‍കോട് മൂന്ന്, കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, വയനാട് മൂന്ന്, മലപ്പുറം 16, പാലക്കാട് അഞ്ച്, തൃശ്ശൂര്‍ ആറ്, എറണാകുളം 12, ഇടുക്കി നാല്, കോട്ടയം അഞ്ച്, ആലപ്പുഴ നാല്, പത്തനംതിട്ട അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും യു.ഡി.എഫ് ഉറച്ച സീറ്റുകളായി കണക്കാക്കുന്നത്.

Content Highlight: Congress leader K. Muraleedharan said that MPs should not contest in the upcoming assembly elections.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more