| Friday, 19th June 2026, 10:21 pm

ഗ്രേറ്റ് നിക്കോബാര്‍: കേന്ദ്രത്തിന് സുതാര്യതയില്ലാത്ത നയമെന്ന് ജയറാം രമേശ്

സിജൊ

ന്യൂദല്‍ഹി: ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് അസാധാരണമായ തരത്തില്‍ സുതാര്യതയില്ലാത്ത നയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.

പദ്ധതി കാരണമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള രേഖകളൊന്നും പൊതുജനത്തിന് ലഭ്യമാവുന്ന തരത്തില്‍ എവിടെയും പങ്കുവച്ചിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

ഈ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍ യാദവിന് ജയറാം രമേശ് കത്തയിച്ചിരുന്നു. പദ്ധതിയിലെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയില്‍ ഇതിന് മുന്‍പും ജയറാം രമേശ് വിമര്‍ശനവും ആശങ്കയും അറിയിച്ചിരുന്നു. പദ്ധതിയില്‍ കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിന് ജയറാം രമേശ് കഴിഞ്ഞ മാസം കത്തയച്ചിരുന്നു. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ആദിവാസി സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായാണ് ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടിയത്.

ഈ വിഷയത്തില്‍ പെട്ടന്നുള്ള പരിഹാര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2006ലെ വനാവകാശ നിയമ പ്രകാരം ആദിവാസി സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ലംഘിക്കുന്നതാണ് പദ്ധതിയെന്നും കത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പദ്ധതിയില്‍ അടുത്തിടെ വിമര്‍ശനം അറിയിച്ചിരുന്നു. വ്യവസായി ഗൗതം അദാനിയെ സഹായിക്കാനാണ് ഈ പദ്ധതി എന്ന് രാഹുല്‍ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. പ്രതിരോധ ആവശ്യത്തിന് ഗുണകരമാണ് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി എന്ന വാദത്തെയും വീഡിയോയില്‍ രാഹുല്‍ ചോദ്യം ചെയ്തിരുന്നുു. നിലവില്‍ ഐ.എന്‍.എസ് ബാസ് എന്ന നാവിക സേനാ കേന്ദ്രം നിക്കോബാറിലുണ്ട്. ഇത് വിപുലീകരിക്കുക എന്നതാണ് പ്രതിരോധ രംഗത്ത് ചെയ്യേണ്ടതെന്നാണ് അന്ന് രാഹുല്‍ അഭിപ്രായപ്പെട്ടത്.

പദ്ധതിക്കായി മുറിക്കുന്ന മരങ്ങളുടെ കണക്കിലും കേന്ദ്രം കള്ളം പറയുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഒരു ഹെക്ടറില്‍ 145 മരം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഏതാനും മീറ്ററില്‍ തന്നെ 145 മരങ്ങള്‍ ഉണ്ട്. 1.5 കോടി മരങ്ങള്‍ പദ്ധതി പ്രദേശത്ത് നിന്ന് അപഹരിക്കാനാണ് അദാനിയുടെ ശ്രമമെന്നും രാഹുല്‍ ആരോപിച്ചിരുന്നു. നിക്കോബാര്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ തയ്യാറാക്കിയതായിരുന്നു വീഡിയോ.

Content Highlight: Congress Leader Jairam Ramesh Alleges Government is not transperent in Great Nicobar Project

സിജൊ

Latest Stories

We use cookies to give you the best possible experience. Learn more