പുതുപ്പള്ളി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. നിലവിലെ സര്‍ക്കാരിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും കേരളത്തിന് ഉമ്മന്‍ ചാണ്ടിയെ പോലെ ഒരു മുഖ്യമന്ത്രിയുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗവണ്‍മെന്റിന്റെ അനാസ്ഥമൂലം മരിച്ച വേണുവിന്റെ ഭാര്യ സിന്ധു കൈമാറിയ പതിനായിരം രൂപ കെട്ടിവെച്ചാണ് ഇന്ന് നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. അവര്‍ ഈ സര്‍ക്കാരിന്റെ പരാജയത്തിന്റെ പ്രതീകമാണ്. ഈ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഇവിടുത്തെ ഓരോ സാധാരണക്കാരും തീരുമാനിച്ചു എന്നതിന്റെ പ്രതീകമായിട്ടാണ് ആ തുക സിന്ധുവില്‍ നിന്ന് വാങ്ങി ഞാന്‍ ഇവിടെ കെട്ടിവെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിച്ചിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യു.ഡി.എഫിന്റെ ഒരു മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടിയെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുമെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍, യു.ഡി.എഫ് സര്‍ക്കാരിന്റെ പല പദ്ധതികളും അട്ടിമറിച്ചാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയതെന്നും കുറ്റപ്പെടുത്തി.
‘അഞ്ചു വര്‍ഷത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ, വിഴിഞ്ഞം പോര്‍ട്ട്, ജനസമ്പര്‍ക്ക പരിപാടി, മെഡിക്കല്‍ കോളേജുകള്‍, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതികള്‍ അടക്കം വിവിധ പദ്ധതികള്‍ ഈ കേരളത്തില്‍ നടപ്പിലാക്കിയിരുന്നു. ആ പദ്ധതികളെയൊക്കെ അട്ടിമറിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഈ സര്‍ക്കാരിന് പറയാന്‍ പോലും സ്വന്തമായി ഒരു പദ്ധതിയില്ല,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി മണ്ഡലം ഇതുവരെ കാണാത്ത രീതിയിലുള്ള അവഗണനയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പുതുപ്പള്ളിയെ അവഗണിച്ച ഒരു കാലഘട്ടം ഇതുപോലെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ എല്ലാ സ്വപ്ന പദ്ധതികളെയും തകിടം മറിച്ചു. ഞങ്ങളുടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ത്തു. ഞങ്ങളുടെ പാലങ്ങള്‍ പൂര്‍ത്തിയാക്കിയില്ല, വില്ലേജ് ഓഫീസ് പൂര്‍ത്തിയാക്കിയില്ല, മിനി സിവില്‍ സ്റ്റേഷന്‍ പൂര്‍ത്തിയാക്കിയില്ല. റോഡുകള്‍ പുതുപ്പള്ളി വരെ മാത്രം ടാര്‍ ചെയ്യും, അതിനുശേഷം ടാര്‍ ചെയ്യില്ല,’ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിതെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress leader Chandy Oommen says that the UDF will come to power in the upcoming elections.