| Saturday, 4th April 2026, 6:29 pm

രാഹുല്‍ ഗാന്ധിയുടെത് അധിക പ്രസംഗം; കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ആയുധമായത് കോണ്‍ഗ്രസ്‌ നിയമം: മുഖ്യമന്ത്രിയുടെ മറുപടി

അനിത സി

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്റെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെയുള്‍പ്പെടെ അന്യായമായി അറസ്റ്റ് ചെയ്യാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണെന്നും 2022-23ല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും ആയിരക്കണക്കിന് ഗോത്ര ക്രൈസ്തവരെ സംഘപരിവാര്‍ ആട്ടിയോടിച്ചപ്പോള്‍ അവിടെ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേയെന്നും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ചോദിച്ചു.

2000ല്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പ് നിലനിര്‍ത്തി. പിന്നീട് തിരുത്താന്‍ ശ്രമിച്ചില്ല. അതാണ് കന്യാസ്ത്രീകളുടെ അറസ്റ്റിലേക്ക് നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബി.ജെ.പിക്കെതിരെ ശക്തമായി സി.പി.ഐ.എം പ്രതികരിച്ചു.

അഖിലേന്ത്യാ നേതാക്കള്‍ അവിടെ ചെന്ന് ഇടപെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ഇടപെടലില്‍ ആത്മാര്‍ത്ഥത ഇല്ലായിരുന്നു. കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ചപ്പോഴും ഛത്തീസ്ഗഡിലെ നേതാക്കള്‍ വിട്ടിനിന്നു. രണ്ട് നീതിയാണ് വിഷയത്തില്‍ കോണ്‍ഗ്രസിന്.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെങ്കിലും ഇതേനിയമം റദ്ദുചെയ്യാന്‍ ചെയ്യാന്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ സ്വഭാവം വെച്ച് സി.പി.ഐ.എമ്മിനെ അളന്നു നോക്കാനും മാര്‍ക്കിടാനും രാഹുല്‍ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയില്‍ അജ്ഞതയും അധിക പ്രസംഗവും ആണ്. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അന്യായമായി അറസ്റ്റുചെയ്യാന്‍ ബി.ജെ.പി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ? 2022-23 ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരെ സംഘപരിവാര്‍ പ്രേരണയാല്‍ ആട്ടിയോടിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തിരുന്നുവോ?

ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. 2000 ല്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാന്‍ പലഘട്ടങ്ങളില്‍ വര്‍ഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്.

ഏറ്റവുമൊടുവില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സി.പി.ഐ.എം പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടെ അതുണ്ട്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ബി.ജെ.പിക്കെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ നേതാക്കള്‍ അവിടെ ചെന്ന് ഇടപെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നു. കേരളത്തിലെ ചില നേതാക്കള്‍ രംഗത്തുവന്നു.

എന്നാല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനിന്നു. എന്തേ ഈ വിഷയത്തില്‍ രണ്ടു നീതിയാണോ കോണ്‍ഗ്രസിന്? ഇനി രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യം: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചല്‍ പ്രദേശിലെങ്കിലും ഇതേ നിയമം റദ്ദുചെയ്യാന്‍ തയ്യാറുണ്ടോ?

എന്തായാലും കോണ്‍ഗ്രസിന്റെ സ്വഭാവം വെച്ച് സി.പി.ഐ.എമ്മിനെ അളന്നു നോക്കാനും മാര്‍ക്കിടാനും അദ്ദേഹം വരേണ്ടതില്ല.

Content Highlight: Congress law used by BJP to attack nuns: Chief Minister’s reply to Rahul Gandhi

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more