തിരുവനന്തപുരം: ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനൊരുങ്ങി കോണ്‍ഗ്രസ്. പുതിയ ക്യാമ്പയിന് തുടക്കമിട്ടാണ് രാഹുല്‍ വിഷയം അടക്കമുള്ള വിവാദങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിതമായി പ്രതിരോധിക്കുന്നത്.
‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ എന്നാണ് കോണ്‍ഗ്രസിന്റെ പ്രതിരോധ മുദ്രാവാക്യം. വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഈ വാചകമെഴുതിയ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കവര്‍ ചിത്രമായാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയെ മുന്‍നിര്‍ത്തി രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സ്വര്‍ണക്കൊള്ള പോലുള്ള അഴിമതികള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ രാഹുലിനെതിരായ പരാതികള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് യു.ഡി.എഫിന്റെ വാദം.
നിലവില്‍ വി.ഡി. സതീശന് പുറമെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍, പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍, കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടി ക്യാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്.
തുടക്കത്തില്‍ തന്നെ രാഹുലിനെതിരെ ഗൗരവതരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടിയുടെ പ്രതിരോധ ക്യാമ്പയിന്‍.
കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ഇന്ന് (ചൊവ്വ) പരാതി നല്‍കിയത്. ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവേല്‍പ്പിച്ചെന്നുമാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ചെന്നും ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
Content Highlight: Congress launches defensive campaign on Rahul issue