| Saturday, 6th December 2025, 7:49 pm

'എല്ലാം മറക്കണം, അയ്നാണ്'; ഇടത് സര്‍ക്കാരിനെതിരെ പോസ്റ്റുമായി കോണ്‍ഗ്രസ് കേരള ഘടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ ക്യാമ്പയിന്‍ ശക്തമാക്കി കോണ്‍ഗ്രസ്. ‘എല്ലാം മറക്കണം, അയ്നാണ്’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ക്യാമ്പയിന്‍ തുടരുന്നത്. നിലവില്‍ കോണ്‍ഗ്രസ് കേരള ഘടകം ഔദ്യോഗികമായി പങ്കുവെച്ച പോസ്റ്റുകളാണ് ചര്‍ച്ചയാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരെ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ് കോണ്‍ഗ്രസിന്റെ പ്രധാന ആയുധം. കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടി, പൊലീസിലെ കാവിവല്‍ക്കരണം, പാലങ്ങള്‍ പൊളിഞ്ഞ് വീഴുന്ന സംഭവങ്ങള്‍, കുത്തഴിഞ്ഞ ആരോഗ്യമേഖല, പെര്‍മിറ്റ് ഫീ കൂട്ടിയ തീരുമാനം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ മറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചത്. ‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് കോണ്‍ഗ്രസ് ഈ പ്രചാരണത്തിന് ആരംഭം കുറിച്ചത്.

എന്നാല്‍ രാഹുലിന് വിചാരണക്കോടതി ജാമ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസിന്റെ പോസ്റ്റുകള്‍ ഉപയോഗിച്ച് ഇടത് ഹാന്‍ഡിലുകളും തിരിച്ചടിച്ചു.

വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പിരിവ്, സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയെന്ന ആരോപണം തുടങ്ങി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഇടത് സൈബര്‍ പോരാളികള്‍ തിരിച്ചടിച്ചത്.

Content Highlight: Congress Kerala unit FB posts against the LDF government

We use cookies to give you the best possible experience. Learn more