| Monday, 16th March 2020, 11:16 am

'ജനാധിപത്യത്തെ ക്രൂരമായി കൊല ചെയ്യാന്‍ മോദി കണ്ടെത്തിയ പുതിയ അടവാണിത്'; മധ്യപ്രദേശിലെ പ്രതിസന്ധിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി മധ്യപ്രദേശ് മന്ത്രി ജീതു പത്വാരി. ജനാധിപത്യത്തെ കൊല ചെയ്യാന്‍ മോദി പുതിയ തന്ത്രം കണ്ടെത്തിയിരിക്കുകയാന്ന് അദ്ദേഹം ആരോപിച്ചു.

‘എം.എല്‍.എമാരെ വശീകരിച്ചും തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു, അവരെ പൊലീസ് കസ്റ്റഡിയില്‍ വെക്കുന്നു, അവരുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് അത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നു, എന്നിട്ട് വിശ്വാസ വോട്ടെടുപ്പിന് ആവശ്യമുന്നയിക്കുന്നു- ഇത് ജനാധിപത്യത്തെ കൊല ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടുപിടിച്ചിരിക്കുന്ന പുതിയ മാര്‍ഗമാണിത്’, ജീതു പറഞ്ഞു.

മധ്യപ്രദേശില്‍നിന്നും രാജിവെച്ച വിമത എം.എല്‍.എമാരെ ബി.ജെ.പി ഉപദ്രവിക്കുകയാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബെംഗളൂരുവിലുള്ള എം.എല്‍.എമാരെ മധ്യപ്രദേശില്‍ എത്തുന്നതില്‍നിന്നും ബി.ജെ.പി തടയുകയാണെന്നും മന്ത്രി പി.സി ശര്‍മ്മ ആരോപിച്ചു.

ബെംഗളൂരുവില്‍ എം.എല്‍.എമാരെ ബി.ജെ.പി ബന്ദിയിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

അതേസമയം, മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശമെങ്കിലും സഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൊവിഡ് നിരക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു. ബെംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് വാദം. കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശചെയ്തിരുന്നു. വിശ്വാസവോട്ടെടുപ്പ് നീട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more