ബെംഗളൂരു: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. കുമാരസ്വാമി സര്‍ക്കാരിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
നിര്‍ണ്ണായകമായ ധനമന്ത്രിപദം ജെ.ഡി.എസിന് നല്‍കി. ആഭ്യന്തരവും ബംഗളൂരു നഗരവികസനവും കോണ്‍ഗ്രസിനാണ്. ചര്‍ച്ചകള്‍ക്ക് ശേഷം കുമാരസ്വാമിക്കൊപ്പമെത്തിയാണ് കെ.സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ധനകാര്യം ജെ.ഡി.എസിനു നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. നിലവില്‍ ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വര മാത്രമാണ് കുമാരസ്വാമിയെ കൂടാതെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്.
മാര്‍ച്ച് 24നാണ് കുമാരസ്വാമി കര്‍ണാടകയില്‍ അധികാരമേറ്റത്. രാജ്യത്തെ ബി.ജെ.പി വിരുദ്ധ കക്ഷി നേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ഐക്യപ്പെടലായി വിലയിരുത്തപ്പെട്ടിരുന്നു.