ന്യൂദല്‍ഹി: സി.ജെ.പിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും അതിനനദ്ദേഹത്തിന് ലജ്ജയില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തിയ ധര്‍ണ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും, ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് പകരം ‘രാഷ്ട്രീയ നാടകങ്ങള്‍’ കളിക്കാനാണ് കോണ്‍ഗ്രസ് താല്പര്യപ്പെട്ടതെന്നും പ്രധാന്‍ പറഞ്ഞു.
‘വിഷയത്തില്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും ജനാധിപത്യപരമായ സംവാദത്തിന് പകരം രാഷ്ട്രീയ പ്രകടനത്തിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് രാഷ്ട്രീയ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ സഭ തടസപ്പെടുത്തുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇത് വിദ്യാര്‍ത്ഥികളുടെ വിഷയമല്ല. ചര്‍ച്ചകള്‍ക്കായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുമ്പോഴും മനപ്പൂര്‍വം സംഘര്‍ഷങ്ങള്‍ നിര്‍മിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്,’ പ്രധാന്‍ ആരോപിച്ചു.
പ്രതിഷേധങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും അപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ മറുപടികളും പരിഷ്‌കാരങ്ങളും ഉത്തരവാദിത്തവുമാണ് നല്‍കേണ്ടതെന്നും നീറ്റ് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനും നമ്മുടെ യുവാക്കളുടെ ന്യായമായ എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണാനും നമ്മുടെ സര്‍ക്കാര്‍ 100 ശതമാനം പ്രതിജ്ഞാബദ്ധമാണെന്നും അയാള്‍ പറഞ്ഞു.
‘ഒരു രാഷ്ട്രീയ പ്രചരണത്തിലെ കരുക്കളാക്കി മാറ്റപ്പെടുന്നതിനേക്കാള്‍ വലിയ പരിഗണന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നുണ്ട്. അരാജകത്വത്തിന് പകരം നിശ്ചയദാര്‍ഢ്യവും, മുദ്രാവാക്യങ്ങള്‍ക്ക് പകരം പരിഹാരവും, തടസപ്പെടുത്തലുകള്‍ക്ക് പകരം ഉത്തരവാദിത്തവുമാണ് അവര്‍ക്ക് ആവശ്യം,’ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നമ്മള്‍ നല്‍കേണ്ടത് വെറും പ്രകോപനങ്ങളല്ല. അതിനേക്കാളേറെ മറുപടികളും, ഭരണപരമായ പരിഷ്‌കാരങ്ങളും, ഉത്തരവാദിത്തവുമാണെന്നും അത് കൃത്യമായി നടപ്പിലാക്കാന്‍ തന്നെയാണ് നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നതെന്നും പ്രധാന്‍ പറഞ്ഞു.
നീറ്റ് യു.ജി ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സി.ജെ.പി ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തുന്നത്. അതിന്റെ ഭാഗമായാണ് പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചും നടത്തിയത്. ഇതിന് പിന്തുണയറിയിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
Content Highlight: Congress is using students as political pawns; they deserve better: Dharmendra Pradhan