കല്‍പ്പറ്റ: വയനാട് ദുരിതബാധിതരെ കോണ്‍ഗ്രസ് പറ്റിക്കുകയായിരുന്നുവെന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്.
തറക്കല്ലിടല്‍ പരിപാടി കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴും ഒരു ചെറിയ പ്രവര്‍ത്തനം പോലും അവിടെ ആരംഭിച്ചിട്ടില്ലെന്നും എന്തിനാണ് ദുരിതബാധിതരെ ഇങ്ങനെ വീണ്ടും വീണ്ടും പറ്റിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും റഫീഖ് ചോദിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ പോലും കോണ്‍ഗ്രസ് ഇത് വരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മിക്കാന്‍ വേണ്ടിയല്ല ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് തറക്കല്ലിട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ പ്രതിപക്ഷ നേതാവും വയനാട് എം.പിയും അടക്കം പങ്കെടുത്ത തറക്കല്ലിടല്‍ പരിപാടി നടത്തി. ഒരു പെര്‍മിഷന്‍ പോലും എടുക്കാതെ തറക്കല്ലിടല്‍ പരിപാടി നടത്തിയത് ജനങ്ങളെ പറ്റിക്കാന്‍ ആണല്ലോ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വേണ്ടിയാണെങ്കില്‍ തറക്കല്ലിടുന്നതിന് മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്ത്‌കൊണ്ടാണല്ലോ അതിന്റെ ചടങ്ങുകളും മറ്റും നടത്തേണ്ടത്,’ കെ. റഫീഖ് പറഞ്ഞു.
കോണ്‍ഗ്രസ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചില്ല എന്ന് മാത്രമല്ല നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നു പോലുമില്ലെന്നാണ് വിവരവകാശ രേഖ പ്രകാരം മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സി.പി.ഐ.എം നേതാവ് എം.സ്വരാജും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് ദുരിതബാധിതരുടെ പേരില്‍ പണം പിരിച്ച് മോഷ്ടിക്കുന്നുവെന്നും രാഷ്ട്രീയകാര്‍ക്കിടയിലെ ശവംതൂക്കുകാരാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വീടുകള്‍ പണിയാന്‍ ഇപ്പോള്‍ വാങ്ങിയ സ്ഥലം മതിയാകുമോ എന്നും സ്വരാജ് ചോദിച്ചു. കോണ്‍ഗ്രസ് വീടുകളുടെ പണിതുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍ കെട്ടിട നിര്‍മാണത്തിന് അനുമതി തേടി അപേക്ഷ പോലും നല്‍കിയിട്ടില്ല.
സര്‍ക്കാര്‍ ഭൂമി നല്‍കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണം എന്ന് സതീശന്‍ പറയുന്നു. എന്നാല്‍ ഒരാളും സര്‍ക്കാരിനോട് സ്ഥലം ചോദിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദുരന്തബാധിതരുടെ പേരില്‍ കോണ്‍ഗ്രസ് പണം പിരിച്ച് മോഷ്ടിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.
Content Highlight: Congress is cheating the affected people; No application has been submitted for the construction of a township: K. Rafeeq