| Monday, 1st December 2025, 8:34 am

നാഷണല്‍ ഹെറാള്‍ഡ് കേസ് മോദി-ഷാമാരുടെ പ്രതികാര നടപടി: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ദല്‍ഹി പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടത് പ്രകാരം രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ എന്നിവര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രതികാര നടപടികളുടെ ഭാഗമായാണ് കേസെടുത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

വീഞ്ഞും കുപ്പിയും എന്തിന് ഗ്ലാസ് പോലും പഴയതാണെന്നായിരുന്നു ദല്‍ഹി പൊലീസിന്റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ അഭിഷേക് സിങ്‌വി പ്രതികരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ സാധൂകരിക്കുന്ന ഒരു തരത്തിലുള്ള തെളിവുകളും ഈ കേസിന്റെ ഭാഗമായി ഇല്ലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു.

ക്രിമിനല്‍ ഗൂഢാലോചന കുറ്റമടക്കം ചുമത്തിയാണ് ദല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തലേന്നാണ് ഒക്ടോബര്‍ മൂന്നിന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 403, 406, 420 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സാം പിത്രോഡ എന്നിവര്‍ക്ക് പുറമെ സുമന്‍ ദുബെ, യങ് ഇന്ത്യന്‍, ഡോറ്റെക്‌സ് മര്‍ച്ചന്‍ഡൈസ് ലിമിറ്റഡ്, ഡോറ്റെക്‌സ് പ്രൊമോട്ടര്‍ സുനില്‍ ഭണ്ഡാരി, അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, അനധികൃത സ്വത്ത് സമ്പാദനം, വിശ്വാസ വഞ്ചന, വഞ്ചാനാക്കുറ്റം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ പ്രതികാര നടപടിയുടെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന കോണ്‍ഗ്രസ് വാദങ്ങളെ ബി.ജെ.പി തള്ളി. നാഷണല്‍ ഹെറാള്‍ഡ് കേസ് സ്വതന്ത്ര പരാതിയായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയി ചുമതലയേറ്റിട്ടില്ല എന്നാണ് മുന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

2008ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. വെറും 50 ലക്ഷം രൂപയ്ക്ക് നാഷണല്‍ ഹെറാള്‍ഡ് പ്രസാധനം നടത്തിയിരുന്ന അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡ് കമ്പനിയുടെ മുഴുവന്‍ ഷെയറുകളും യങ് ഇന്ത്യന്‍ എന്ന പുതിയ കമ്പനിയിലേക്ക് മാറ്റിയെന്നാണ് കേസ്.

അതില്‍ തന്നെ 76 ശതമാനം ഓഹരികളും രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും പേരിലാണെന്നും ഇതുവഴി മുംബൈ, ദല്‍ഹി എന്നിവടങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ കോടിക്കണക്കിന് വിലവരുന്ന സ്വത്തുവകകള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തങ്ങളുടെ പേരിലാക്കിയെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

‘ആയിരക്കണക്കിന് കോടി രൂപയുടെ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ വെറും 50 ലക്ഷത്തിന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തങ്ങളുടെ പേരിലാക്കിയ കാര്യം ഈ രാജ്യം അറിയണം. ഇത് തീര്‍ത്തും കൊള്ളയടിക്കലാണെന്നാണ് തോന്നുന്നത്. നിയമം അതിന്റെ വഴിക്ക് പോകണം, കോണ്‍ഗ്രസ് അതിന് അനുവദിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress has strongly criticized the Delhi Police for registering a new FIR in the National Herald case.

We use cookies to give you the best possible experience. Learn more