| Thursday, 15th January 2026, 8:51 am

മതാടിസ്ഥാനത്തിലുള്ള വിദ്വേഷ രാഷ്ട്രീയത്തോട് കോണ്‍ഗ്രസ് സന്ധിചെയ്തു; വിമര്‍ശനവുമായി മൗലാന അര്‍ഷദ് മദനി

നിഷാന. വി.വി

ന്യൂദല്‍ഹി: മതാടിസ്ഥാനത്തിലുള്ള വിദ്വേഷ രാഷ്ട്രീയത്തോട് കോണ്‍ഗ്രസ് സന്ധിചെയ്‌തെന്നും അത് രാജ്യത്തിനും ഭരണഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തി വെച്ചെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് തലവന്‍ മൗലാന അര്‍ഷദ് മദനി.

മഹാത്മഗാന്ധിയുടെ കൊലപാതകത്തിന് ശേഷം തന്നെ കോണ്‍ഗ്രസ് വര്‍ഗീയത ചെറുക്കാനുള്ള നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ അധികാരത്തില്‍ നിന്ന് പുറത്താവില്ലായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഗീയതയ്ക്ക് വഴക്കമുള്ള നയം സ്വീകരിച്ചെന്നും മദനി ആരോപിച്ചു.

‘ മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷ രാഷ്ട്രീയത്തോട് കോണ്‍ഗ്രസ് കാണിച്ച വഴക്കമുള്ള നയം രാജ്യത്തിനും ഭരണഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു.

ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ചവിട്ടി മെതിക്കപ്പെടുന്ന രീതി നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാന നേതാക്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്,’ അഖിലേന്ത്യ മുസ്‌ലിം
വ്യക്തി നിയമ ബോര്‍ഡിന്റെ വൈസ്പ്രസിഡന്റ് കൂടിയായ മദനി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നും ആ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം ചെയ്യേണ്ടിയിരുന്നത് ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍ മഹാത്മാഗാന്ധിയെ പോലുള്ള ഒരു മഹാനായ വ്യക്തിത്വത്തിന്റെ കൊലപാതകം രാജ്യത്തിന്റെ മതേതരത്തിന്റെ തന്നെ കൊലപാതകമായിരുന്നു. ദു:ഖകരമെന്ന് പറയട്ടെ ആ സമയത്ത് കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

മതപരമായ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മൃദു സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും അത് ഒരു നിര്‍ഭാഗ്യകരമായ സത്യമാണ്, ഒരുപക്ഷേ ഭയം കൊണ്ടായിരിക്കാമെന്നും മദനി പറഞ്ഞു.

Content Highlight: Congress has made peace with religion-based hate politics; Maulana Arshad Madani criticizes

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more