| Friday, 14th November 2025, 4:53 pm

ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ എതിരിട്ട് കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷമായി: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സമീപ കാലങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്ന നിരീക്ഷണം പങ്കിട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിടാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍ ഹൈദരാബാദില്‍ പറഞ്ഞു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസിന്റെത് കൂടുതല്‍ മധ്യകേന്ദ്രീകൃത പക്ഷമായിരുന്നു.

മുമ്പത്തെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും പോളിസികള്‍ സ്വീകരിച്ചിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ജ്യോതി കോമിറെഡ്ഡി അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും തരൂര്‍ പറഞ്ഞു. തനിക്ക് മുമ്പുണ്ടായ അനുഭവങ്ങള്‍ തൃപ്തികരമല്ലാത്തതിനാല്‍ വീണ്ടും മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഏത് പാര്‍ട്ടിയായാലും ആഭ്യന്തര ജനാധിപത്യം അത്യാവശ്യമാണ്. ഒരു സ്ഥാനത്തും ആരും അനിശ്ചിതമായി തുടരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസിന്റെ നയങ്ങളെ വിമര്‍ശിച്ചും ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പുകഴ്ത്തിയും അടുത്തകാലത്തായി തരൂര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നുണ്ട്.

മോദിയുടെ ഊര്‍ജസ്വലതയെയും ആഗോള വീക്ഷണത്തെയും പുകഴ്ത്തി സംസാരിച്ച തരൂര്‍, ഓപ്പറേഷന്‍ സിന്ദൂര്‍ സംരംഭത്തില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും സേവനം അനുഷ്ഠിച്ചിരുന്നു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിയെ നവംബര്‍ എട്ടിന് അദ്ദേഹത്തിന്റെ 98ാം ജന്മദിനത്തില്‍ പ്രശംസിച്ചും തരൂര്‍ വിവാദങ്ങളെ ക്ഷണിച്ചുവരുത്തിയിരുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച രഥയാത്ര നടത്തിയതിന്റെ പേരില്‍ അദ്വാനിയുടെ മറ്റ് നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍. തുടര്‍ന്ന് തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിരുന്നു.

പതിവുപോലെ ശശി തരൂര്‍ സ്വന്തം കാര്യം മാത്രം നോക്കുന്നു എന്നും പാര്‍ട്ടിക്ക് ഈ വാദങ്ങളില്‍ നിന്നും അകലം പാലിക്കുന്നെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചത്.

നവംബര്‍ മൂന്നിന് ഇന്ത്യയില്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസായി മാറിയിരിക്കുന്നെന്ന് തരൂര്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ രാഷ്ട്രീയം കുടുംബങ്ങളെ ചുറ്റിപ്പറ്റി നടക്കുന്നിടത്തോളം ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പൂര്‍ത്തീകരിക്കപ്പെടാതെ വരുമെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.

Content Highlight: Congress has adopts more left-stance by opposing BJP’s divisive politics: Shashi Tharoor

We use cookies to give you the best possible experience. Learn more