| Saturday, 15th November 2025, 9:29 am

ബാച്ച്‌വാര ബി.ജെ.പിയ്ക്ക് നല്‍കിയത് കോണ്‍ഗ്രസ്; വില്ലനായത് സി.പി.ഐക്കെതിരെ മത്സരിക്കാനുള്ള തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: 2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ നേരിട്ട കനത്ത തോല്‍വിയ്ക്ക് കാരണം സഖ്യത്തിലെ ഐക്യമില്ലായ്മ. 62 സീറ്റുകള്‍ പിടിച്ചുവാങ്ങിയ കോണ്‍ഗ്രസ് വലിയ പ്രഹരമാണ് ബീഹാറില്‍ ഏറ്റുവാങ്ങിയത്. വെറും ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

മോദി-ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെയും പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിത്വവും മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല, സഖ്യകക്ഷികള്‍ ആയിരുന്നിട്ടുകൂടി ആർ.ജെ.ഡിയ്ക്കും ഇടതുപാർട്ടികൾക്കെതിരെയും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനിച്ചതും വിനയായി.

ഇത്തരത്തില്‍ മത്സരം നടന്ന പല മണ്ഡലങ്ങളിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ഉദാഹരണമായി ബാച്ച്‌വാര മണ്ഡലത്തിലെ കണക്കുകള്‍ പരിശോധിക്കാം.

ബി.ജെ.പിയിലെ സുരേന്ദര്‍ മേത്തയാണ് ബാച്ച്‌വാരയില്‍ വിജയിച്ചത്. 15,841 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേത്തയുടെ വിജയം. 1,00,341 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി നേടിയത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച സി.പി.ഐയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ചേര്‍ത്താല്‍ 10,6090 ഉം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശിവ് പ്രകാശ് ഗരീബ് ദാസ് 84502 വോട്ടാണ് ബാച്ച്‌വാരയില്‍ നേടിയത്. സി.പി.ഐയുടെ അബ്ദേശ് കുമാര്‍ റായ് 21588 വോട്ടും. അതായത് സി.പി.ഐക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കാതിരുന്നെങ്കില്‍ ഇടതുപാര്‍ട്ടിക്ക് ബാച്ച്‌വാരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാമായിരുന്നു.

സമാനമായി നാല് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികള്‍ക്കെതിരെ മത്സരിച്ചത്. അതേസമയം ജന്‍ സൂരജ് പാര്‍ട്ടിയുടെയും ആം ആദ്മിയുടേയും സ്ഥാനാര്‍ത്ഥിത്വവും ബാച്ച്‌വാരയില്‍ സി.പി.ഐക്ക് തിരിച്ചടിയായി.

ജന്‍ സൂരജ് പാര്‍ട്ടിയുടെ റാമോദ് കുമാര്‍ 7654 വോട്ടുകള്‍ നേടിയപ്പോള്‍ ആം ആദ്മിയുടെ അവിനാഷ് കുമാര്‍ 1609 വോട്ടുകളാണ് ബാച്ച്‌വാരയില്‍ പിടിച്ചത്. മാത്രമല്ല മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു.

ഇത്തവണ 33 സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ ബീഹാറില്‍ മത്സരിച്ചത്. 20 സീറ്റില്‍ സി.പി.ഐ.എം.എല്‍ ലിബറേഷനും ഒമ്പത് സീറ്റില്‍ സി.പി.ഐയും നാല് സീറ്റില്‍ സി.പി.ഐ.എമ്മും മത്സരിച്ചു. എന്നാല്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ഇടതുപാര്‍ട്ടികള്‍ക്ക് നേടാനായത്. രണ്ട് സീറ്റില്‍ സി.പി.ഐ.എം.എലും ഒന്നില്‍ സിപി.ഐ.എമ്മും വിജയിച്ചു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ ഇടതുപാര്‍ട്ടികളുടെയും പ്രകടനം വളരെ പിന്നിലായിരുന്നു. കഴിഞ്ഞ തവണ 19 സീറ്റില്‍ മത്സരിച്ച സി.പി.ഐ.എം.എല്‍ 12 സീറ്റിലും വിജയിച്ചിരുന്നു. 63 ശതമാനമായിരുന്നു ഇടതുപാര്‍ട്ടിയുടെ സ്‌ട്രൈക്ക് റേറ്റ്. ആറ് മണ്ഡലങ്ങളില്‍ മത്സരിച്ച സി.പി.ഐയും നാല് മണ്ഡലങ്ങളില്‍ മത്സരിച്ച സി.പി.ഐ.എമ്മും രണ്ട് വീതം സീറ്റുകളും നേടിയിരുന്നു.

Content Highlight: Congress gave the batchhwara to BJP; the setback was the decision to contest against CPI

We use cookies to give you the best possible experience. Learn more