| Saturday, 15th August 2026, 5:01 pm

കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം; വന്ദേമാതരം വിവാദത്തിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: എ.ഐ.സി.സി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച നടപടി കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് സമാനമായ സംഭവം ഉണ്ടായത് അതീവ ഗൗരവതരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

കോൺഗ്രസ്സ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ആണ് വന്ദേമാതരം പൂർണമായി ആലപിച്ചത്.

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

മുൻപ് യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 മെയ് 18 ന് ആയിരുന്നു വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ആ വേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായി.

ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ, വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളിൽ പാടാവൂ എന്ന് 1937-ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചതാണ്. 1950-ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നൽകിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ ഈ മതേതര പാരമ്പര്യമാണ് ഗാനം പൂർണ്ണമായി ആലപിക്കുക വഴി കോൺഗ്രസ് തള്ളിക്കളഞ്ഞതെന്നും പിണറായി വിജയൻ ആരോപിച്ചു.

സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിർബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസിൽ 2026 മാർച്ചിൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാർഹമായ കുറ്റമല്ല. നിയമപരമായ ബാധ്യതയൊന്നും ഇല്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജണ്ടകൾ കോൺഗ്രസ് അതേപടി പകർത്തുന്നത് അവർ ആർ.എസ്.എസ്സിന്റെ ബി-ടീമായി മാറി എന്നതിന്റെ തെളിവാണെന്നും പിണറായി വിജയൻ വിമർശിച്ചു.

Content Highlight: Congress follows a soft Hindutva approach; Pinarayi Vijayan sharply criticises party over Vande Mataram controversy.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more