ന്യൂദല്‍ഹി: വെനസ്വലെന്‍ പ്രസിഡന്റ് നിക്കോളസ് മറൂഡോയെയും പങ്കാളി സിലിയ ഫ്‌ളോറസിനെയും ബന്ദികളാക്കിയ നടപടിയില്‍ ആശങ്കയറിച്ച് കോണ്‍ഗ്രസ്.
അന്താരാഷ്ട്ര നിയമങ്ങളിലെ വ്യവസ്ഥാപിത തത്വങ്ങള്‍ ഏകപക്ഷീയമായി ലംഘിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ജയറാം രമേശ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ വെനസ്വലെയുമായി ബന്ധപ്പെട്ട യു.എസ് നടപടികളില്‍ ഐ.എന്‍.സി കടുത്ത ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നടപടികള്‍ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ജയറാം രമേശ് പറഞ്ഞു.
മയക്കുമരുന്ന് കടത്താരോപിച്ച് മഡൂറയെ മാസങ്ങളോളമുള്ള വേട്ടയാടലിന് ശേഷം രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും പങ്കാളിയേയും ബന്ദിയാക്കുകയായിരുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചയോടെ യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സാണ് ഇരുവരെയും ബന്ദിയാക്കിയത്.
കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. വിവരം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. വെനസ്വലെ അമേരിക്ക ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
മഡൂറോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസംസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകാരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരെയുള്ള ഗൂഢാലോചന തുടങ്ങിയവയാണ് മഡൂറോയ്ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
വിഷയത്തില്‍ വെനസ്വലെയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നടപടിയില്‍ എതിര്‍പ്പറിയിച്ച് നിലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടിണ്ട്.
ഇരുവരെയും ന്യൂയോര്‍ക്കിലെ ബ്രൂക്കിന്‍ തടങ്കല്‍ കേന്ദ്രത്തില്‍ എത്തിച്ചതിന് പിന്നാലെ ഇന്ന് (തിങ്കള്‍) ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കും. മന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഹാജരാക്കുക.
Content Highlight: Congress expresses concern over US action in Venezuela, violation of international law