| Saturday, 28th March 2026, 8:15 am

ദളിത് യുവതിക്കെതിരായ ലൈംഗികാതിക്രമ പരാതി; പാലക്കാട് നഗരസഭ കൗണ്‍സിലറെ പുറത്താക്കി കോണ്‍ഗ്രസ്

ആദര്‍ശ് എം.കെ.

പാലക്കാട്: ദളിത് യുവതിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കല്‍.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടി.

കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍.

പരാതിക്ക് പിന്നാലെ പ്രശോഭ് ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് പിന്നാലെയാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവും ലൈംഗികാരോപണ പരാതിക്ക് പിന്നാലെ പുറത്താകുന്നത്.

ധാര്‍മികതയുണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു വിഷയത്തില്‍ ഡി.സി.സി അധ്യക്ഷന്‍ എ തങ്കപ്പന്റെ പ്രതികരണം. വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് കരുതുന്നതായും തങ്കപ്പന്‍ പറഞ്ഞു.

പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി. വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം.

ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

ഷാഫി പറമ്പില്‍ എം.പി തന്റെ ആശാനാണെന്നും എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

ലൈംഗിക പീഡന പരാതികള്‍ക്കിടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.

Content highlight: Congress expels Palakkad councilor Prasobh Valsan from the party after police registered a case of sexual assault

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more