| Friday, 30th October 2026, 1:04 pm

കോണ്‍ഗ്രസ് ബാങ്കുകള്‍ സ്ഥാപിച്ചു, മോദി വിറ്റ് തുലയ്ക്കുന്നു: രാഹുല്‍ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫോക്‌സിന് വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ സമരം ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പൊതുമേഖലാ ബാങ്കുകള്‍ വിറ്റ് തുലയ്ക്കാനുള്ളതല്ലെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് ജനങ്ങളെ സേവിക്കാന്‍ നിര്‍മിച്ച സ്ഥാപനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജീവനക്കാര്‍ക്കയച്ച തുറന്ന കത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പൊതുമേഖലാ ബാങ്കുകള്‍ സ്ഥാപിക്കപ്പെടുകയായിരുന്നുവെന്നും എന്നാല്‍ മോദിയുടെ ഭരണത്തില്‍ അവയെല്ലാം വിറ്റഴിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐ.ഡി.ബി.ഐ ബാങ്ക് ജിവനക്കാരുടെ ഒരു സംഘം പാര്‍ലമെന്റ ഹൗസില്‍ തന്നെ വന്നു കാണുകയും, തങ്ങള്‍ ലാഭകരമാക്കി മാറ്റിയ ഒരു ബാങ്ക് സര്‍ക്കാര്‍ എന്തിനാണ് വില്‍ക്കുന്നത് എന്ന് ലളിതമായ ഒരു ചോദ്യം ചോദിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

‘ഞാന്‍ ആ ചോദ്യം ലോക്സഭയില്‍ ഉന്നയിച്ചു. ലാഭകരമായ ഒരു പൊതുമേഖലാ ബാങ്ക് എന്തിനാണ് വില്‍ക്കുന്നതെന്നും അതിന്റെ ജീവനക്കാരുടെയും നിക്ഷേപകരുടെയും സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്നും ഞാന്‍ ചോദിച്ചു. എന്നാല്‍ സര്‍ക്കാര്‍ അതിന് ഒരു ഉത്തരവും നല്‍കിയില്ല. ഇപ്പോള്‍ അവര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്,’ ലോക്‌സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പ് ഐ.ഡി.ബി.ഐ ബാങ്ക് നഷ്ടത്തിലായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം 9000 രൂപയിലധികം രൂപയുടെ ലാഭം നേടി തിരിച്ചുവരവ് നടത്തിയെന്നും അത് ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

2003ല്‍ ഐ.ഡി.ബി.ഐയുടെ കുറഞ്ഞത് 50 ശതമാനം ഓഹരികളും സര്‍ക്കാര്‍ എപ്പോഴും കൈവശം വയ്ക്കുമെന്ന് പാര്‍ലമെന്റിന് ഉറപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ കനേഡിയന്‍ കമ്പനിക്ക് ഓഹരി കൈമാറിയശേഷം സര്‍ക്കാരിനും എല്‍.ഐ.സിക്കും 34 ശതമാനം ഓഹരികള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് സര്‍ക്കാരിന്റെ തന്നെ കത്തില്‍ പറയുന്നത്. ‘ആ വാഗ്ദാനം നിയമത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടാകില്ല, എന്നാല്‍ പാര്‍ലമെന്റിന് നല്‍കിയ വാഗ്ദാനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇത് സ്വകാര്യവത്ക്കരിക്കപ്പെടുമ്പോള്‍ എസ്.എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress established banks, Modi is selling them off: Rahul Gandhi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more