ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ്.
ഓരോ സെഷനും ആരംഭിക്കുന്നതിന് മുന്‍പ് മോദി പതിവ് കാപട്യം നിറഞ്ഞ സന്ദേശം രാജ്യത്തിന് നല്‍കാറുണ്ടെന്നും ഇന്നത്തെ പ്രകടനം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം ദേശീയ വിഷയങ്ങളില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സര്‍വ്വ കക്ഷി യോഗങ്ങള്‍ വിളിച്ച് കൂട്ടുകയോ അധ്യക്ഷത വഹിക്കുകയോ ചെയ്യില്ല. അവസാന നിമിഷം പെട്ടെന്ന് ബില്ലുകള്‍ അവതരിപ്പിക്കുകയും ആവശ്യമായ പരിശോധനകള്‍ കൂടാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്യും,’ ജയറാം രമേശ് പറഞ്ഞു.
മോദി പാര്‍ലമെന്റില്‍ ഇരിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കില്ലെന്നും പകരം ഇരുസഭകളിലും തെരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങള്‍ നടത്തുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2026 ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും.
രാജ്യം പരിഷ്‌കരണത്തിന്റെ പാതയിലാണെന്നും വികസന യാത്രയുടെ നിര്‍ണായക യാത്രയിലാണെന്നുമായിരുന്നു പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്.
പരിഷ്‌കാരം, പ്രകടനം, പരിവര്‍ത്തനം എന്നിവയിലാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര്യ വ്യാപാര കരാറിനെയും അദ്ദേഹം പ്രശംസിച്ചു.
‘ ഇത് അഭിലാഷമുളള ഇന്ത്യയ്ക്കും യുവാക്കള്‍ക്കും സ്വാശ്രയ ഇന്ത്യയ്ക്കും വേണ്ടിയുളള സ്വതന്ത്ര വ്യാപാരമാണ്. ഇന്ത്യന്‍ നിര്‍മാതാക്കള്‍ അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഈ അവസരം ഉപയോഗിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ മോദി പറഞ്ഞു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും രാജ്യം കരകയറുകയാണെന്നും ദീര്‍ഘകാല പരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റ് അംഗങ്ങള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം പരിഹാരങ്ങള്‍ കണ്ടെത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress criticizes PM’s Budget speech as ‘a message full of hypocrisy’