ന്യൂദല്‍ഹി: ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇതിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് അങ്ങേയറ്റം ഭീരുത്വമാണെന്നും ഇന്ത്യ ഇക്കാലമത്രയും ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനോടുള്ള പൂര്‍ണ വഞ്ചനയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘ഗസയില്‍ വെടിനിര്‍ത്തലിനായി യു.എസ് കൊണ്ടുവന്ന 20 ഇന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനും മറ്റൊരു സുഹൃത്തായ ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വേണ്ടിയാണത് ചെയ്തത്.
പക്ഷേ, പദ്ധതിയെ കുറിച്ച് ചില അടിസ്ഥാനപരവും അസ്വസ്ഥതയുളവാക്കുന്നതുമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്,’ ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
ഈ പദ്ധതി പ്രകാരം നിര്‍ദേശിക്കപ്പെട്ട ഭരണ സംവിധാനത്തില്‍ ഗസയിലെ ജനങ്ങള്‍ എവിടെയാണെന്നും ഒരു പൂര്‍ണ സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരുന്നതിന്റെ മാര്‍ഗരേഖ എവിടെയാണെന്നും ജയറാം രമേശ് ചോദിച്ചു. യു.എസും ഇസ്രഈലും എത്രകാലം ഫലസ്തീനിനെ അവഗണിക്കും? കഴിഞ്ഞ 20 മാസത്തെ വംശഹത്യയിലെ ഉത്തരവാദിത്തം എവിടെയെന്നും അദ്ദേഹം ചോദിച്ചു.
‘ഗസയിലെ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യരെ കൊല്ലുന്നതിലേക്ക് നയിച്ച വംശഹത്യയില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. ഇത് അങ്ങേയറ്റം ഭീരുത്വവും ഇന്ത്യ ഇത്രയും കാലം നിലകൊണ്ടതിനോടുള്ള പൂര്‍ണ വഞ്ചനയുമാണ്,’ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല, കോണ്‍ഗ്രസ് ഫലസ്തീന്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിക്കുന്നത്. മുമ്പ് ഫലസ്തീന്‍ വിഷയത്തില്‍ കഴിഞ്ഞ 20 മാസത്തെ ഇന്ത്യയുടെ നിലപാട് ലജ്ജാകരവും അധാര്‍മികവും ഭീരുത്വമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ജയറാം രമേശും വയനാട് എം.പിയായ പ്രിയങ്ക ഗാന്ധി വദ്രയുമായിരുന്നു അന്ന് വിമര്‍ശനം ഉന്നയിച്ചത്.
കൂടാതെ, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ അംഗവുമായ സോണിയ ഗാന്ധിയും മോദിയെ വിമര്‍ശിച്ചിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലായിരുന്നു വിമര്‍ശനം.
ഓസ്ട്രേലിയ, കാനഡ, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
Content Highlight: Congress criticizes PM Narendra Modi’s silence on Gaza is total betrayal of all India stood for