| Monday, 22nd September 2025, 11:51 am

അധാര്‍മികം, ഭീരുത്വം; ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ലജ്ജാകരം: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ കഴിഞ്ഞ 20 മാസത്തെ ഇന്ത്യയുടെ നിലപാട് ലജ്ജാകരവും അധാര്‍മികവും ഭീരുത്വമാണെന്നും കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ, കാനഡ, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തില്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.

‘ഓസ്‌ട്രേലിയ, കാനഡ, യു.കെ എന്നിവര്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. കൂടുതല്‍ രാജ്യങ്ങള്‍ അങ്ങനെ ഇനിയും മുന്നോട് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ 1988 നവംബര്‍ 18ന് തന്നെ സ്വതന്ത്ര ഫലസ്തീനെ അംഗീകരിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ കഴിഞ്ഞ 20 മാസത്തെ ഇന്ത്യയുടെ നിലപാട് ലജ്ജാകരവും അധാര്‍മികവും ഭീരുത്വവുമാണ്,’ ജയറാം രമേശ് പറഞ്ഞു.

ജയറാം രമേശിന് പുറമെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി വദ്രയും ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ഫലസ്തീനെ ആദ്യം മുതല്‍ തന്നെ അംഗീകരിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിലുടനീളം അന്താരാഷ്ട്ര വേദികളില്‍ മാനവികതയുടെയും നീതിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് നമ്മളാണ് ലോകത്തിന് വഴികാട്ടിയതെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ 37 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയും കാനഡയും യു.കെയും ഈ പാത പിന്തുടര്‍ന്നപ്പോള്‍ ഇന്ത്യയുടെ നിലപാട് മാറിയെന്നും അവര്‍ പറഞ്ഞു. ഇത് മുമ്പ് ധീരമായെടുത്ത നിലപാടിന്റെ ദുഖകരമായ വീഴ്ചയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ – ഫലസ്തീന്‍ സംഘട്ടനം 1948ല്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ നിലപാട് ഫലസ്തീന് അനുകൂലമായിരുന്നു. ഈ സംഘട്ടനത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന നിലപാടായിരുന്നു രാജ്യം എന്നും സ്വീകരിച്ചിരുന്നത്. എന്നാല്‍, നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് മാറിയത്.

അതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ അവതരിപ്പിക്കുന്ന പൊതുസഭയിലെ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇങ്ങനെ മൂന്ന് തവണയാണ് ഇന്ത്യ വിട്ടുനിന്നത്.
അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങിയായിരുന്നു ഇത്.

ഈയിടെ തീരുവ യുദ്ധത്തിനെ തുടര്‍ന്ന് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് ശേഷമാണ് പിന്നീട് യു.എന്നില്‍ ഇന്ത്യ ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ‘ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ’ കഴിഞ്ഞ മാസം മറ്റ് 141 രാജ്യങ്ങളോടൊപ്പം ഇന്ത്യ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു.

Content Highlight: Congress criticizes Indian stands on Palestine in the past 20 month is shameful and moral rectitude

Latest Stories

We use cookies to give you the best possible experience. Learn more