ന്യൂദൽഹി: ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ വിദ്യാഭ്യാസത്തിൽ തുരങ്കം വെക്കുകയും വർഗീയത കലർത്തുകയും ചെയ്യുന്നു എന്ന ആരോപണവുമായി കോൺഗ്രസ്. ജമ്മുകാശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി സയ്ദ് നസീർ ഹുസൈൻ, കോൺഗ്രസ് നാഷണൽ സെക്രട്ടറി ദിവ്യ മദേർണ്ണയുമാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
ശ്രീമാതാ വൈഷ്ണവോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സിലെൻസിൽ (എസ്.എം.വി.ഡി.ഐ.എം.ഇ) നിന്നും എം.ബി.ബി.സ് കോഴ്സ് എടുത്തുമാറ്റിയത് അവിടെ ഭൂരിപക്ഷവും മുസ്‌ലിം വിദ്യാർത്ഥികളായതിനാലാണെന്നും, മധ്യപ്രദേശിലെ ബെറ്റൂൾ ജില്ലയിൽ സ്കൂൾ പൊളിച്ചുമാറ്റിയത് മുസ്ലിം മതവിശ്വാസി നിർമ്മിച്ചതിനാലാണെന്നും സയ്ദ് നസീർ പറഞ്ഞു.
വിദ്യാഭ്യാസം രാഷ്ട്രീയ, വർഗീയ അജണ്ടകൾ നടപ്പാക്കുന്നതിനുവേണ്ടിയുള്ള ഉപകരണമായി മാറ്റുന്നുവെന്നും നിലവാരമുള്ള വിദ്യാഭ്യാസം രാജ്യത്തിന്റെ നട്ടെല്ലാണെന്നും എന്നാൽ സർക്കാർ തുടർച്ചയായി അതിൽ വർഗീയവിഷം കുത്തിവെക്കുകയാണെന്നും ഹുസ്സൈൻ പറഞ്ഞു.
ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ഇൻസ്റ്റിട്യൂട്ടിൽ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നും പ്രദേശത്ത് കൂടുതൽ മുസ്‌ലിം വിശ്വാസികളായതിനാലാണ് 50 ൽ 42 പേരും ഈ വിഭാഗത്തിൽനിന്നായതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
മധ്യപ്രദേശിലെ ബെറ്റൂളിലെ സ്കൂൾ അബ്ദുൽ നയീം എന്ന വെക്തി പ്രദേശത്തെ വിദ്യാർത്ഥികൾക്കുവേണ്ടി 23 ലക്ഷം മുടക്കി നിർമിച്ചതാണ്. നിസ്സാരമായ അനുമതിയുടെ പേരുപറഞ്ഞാണ് സ്കൂൾ കെട്ടിടം തകർത്തെന്നും സ്കൂളിന്റെ സ്ഥാപകൻ മുസ്‌ലിം നാമധാരിയായതിനാൽ സ്കൂളല്ല മദ്രസയാണ് അവിടെ പ്രവർത്തിക്കുന്നതെന്ന അപവാദ പ്രചാരണങ്ങളുണ്ടെന്നും
അദ്ദേഹം പറഞ്ഞു.
വൈഷ്ണവോ ദേവി ഇൻസ്റ്റിട്യൂട് എത്രയും പെട്ടെന്നുതന്നെ കോഴ്സ് പുനരാരംഭിക്കണമെന്നും ബെറ്റൂളിലെ സ്കൂൾ പുനർനിർമ്മിക്കണമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Content Highlight: Congress Criticized BJP For Injecting Communal Poison In Education