| Thursday, 6th August 2026, 7:46 am

കോണ്‍ഗ്രസ്, സി.പി.ഐ.എം, സമാജ് വാദി പാര്‍ട്ടികള്‍ രാമവിരുദ്ധര്‍;പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിപക്ഷം നടത്തിയ നാടകം വിഷമിപ്പിച്ചു: റിജിജു

നിഷാന. വി.വി

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ.എം എന്നീ പാര്‍ട്ടികള്‍ രാമവിരുദ്ധരാണെന്ന് റിജിജു പറഞ്ഞു.

പ്രതിപക്ഷം ശ്രീരാമനെയും അയോധ്യ രാമക്ഷേത്രത്തെയും നിരന്തരം എതിര്‍ക്കുകയാണെന്നും റിജിജു പറഞ്ഞു. അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

രാമക്ഷേത്ര നിര്‍മാണ സമയത്ത് പ്രതിപക്ഷം അത് എതിര്‍ത്തിരുന്നുവെന്നും ഇപ്പോഴും അതേ നിലപാട് തുടരുകയാണെന്നും റിജിജു പറഞ്ഞു.

‘രാമക്ഷേത്രം പണിയുമ്പോള്‍ അവര്‍ കറുത്ത ബാന്‍ഡുകള്‍ ധരിച്ച് പ്രതിഷേധിച്ചു. ഇപ്പോള്‍ അതേ നിലപാട് ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് സി.പി.ഐ.എം, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ രാമവിരുദ്ധരാണ്. അവര്‍ എല്ലായ്‌പ്പോഴും രാമന്റെ നിലനില്‍പ്പിനെ എതിര്‍ക്കുകയാണ്,’ ബി.ജെ.പി നേതാവ് പറഞ്ഞു.

പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിപക്ഷം നടത്തിയ നാടകം തങ്ങളെ വളരെയധികം സങ്കടപ്പെടുത്തിയെന്നും ശ്രീരാമനെ അപമാനിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാമക്ഷേത്ര കൊള്ളയില്‍ ബി.ജെ.പി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

മോശണത്തില്‍ ഉള്‍പ്പെട്ട ഉന്നതരെ സംരക്ഷിക്കുന്നതിനാണ് ജൂനിയര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര കൊള്ളയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് അതിക്രമത്തിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് സഭ പലതവണ നിര്‍ത്തിവെക്കേണ്ടതായും വന്നിരുന്നു. പിന്നാലെയാണ് റിജിജുവിന്റെ പരാമര്‍ശം.

Content Highlight: Congress, CPIM, and Samajwadi Party are anti-Ram; the drama staged by the opposition in the Parliament complex was distressing: Rijiju.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more