| Saturday, 2nd August 2025, 8:42 pm

'ഞാന്‍ രാജാവല്ല, ആ സങ്കല്‍പ്പത്തോട് തന്നെ എതിര്‍പ്പ്' അണികളെ തിരുത്തി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജാവാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജഭരണം, രാജാവ് എന്നീ ആശയങ്ങള്‍ക്ക് തന്നെ താന്‍ എതിരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂദല്‍ഹിയില്‍ ഒരു ദിവസത്തോളം നീണ്ടുനിന്ന ‘ഭരണഘടനാ വെല്ലുവിളികള്‍; കാഴ്ചപ്പാടുകളും വഴികളും’ എന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയെ ‘രാജ’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

‘ഈസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുല്‍ ഗാന്ധി ജൈസ ഹോ’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യമിങ്ങനെ. എന്നാല്‍ തനിക്ക് രാജാവാകാന്‍ താത്പര്യമില്ലെന്നും താന്‍ രാജാവിനും ആ സങ്കല്‍പ്പത്തിനും തന്നെ എതിരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നഹി… നഹി… മെയ്ന്‍ രാജാ നഹി ഹൂന്‍. രാജാ ബന്ന ഭി നഹി ചാഹ്താ ഹൂന്‍. മൈന്‍ രാജാ കേ കണ്‍സെപ്റ്റ് കേ വിരോധ് ഹൂന്‍,’ രാഹുല്‍ ഗാന്ധിയുടെ മറുപടി.

നേരത്തെ ‘രാജ’ എന്ന വാക്കുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ടെന്ന വിമര്‍ശനവും രാഹുല്‍ ഗാന്ധി ശക്തമാക്കിയിരിക്കുകയാണ്.

10-15 സീറ്റുകളില്‍ കൃത്രിമം നടത്തിയിരുന്നെങ്കില്‍ പോലും പ്രധാനമന്ത്രിക്ക് നേരിയ ഭൂരിപക്ഷമേ ലഭിക്കുമായിരുന്നെന്നും എന്നാല്‍ 80 സീറ്റുകളില്‍ വരെ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

രാജ്യത്ത് തെരഞ്ഞെടുപ്പ് സംവിധാനം ഇതിനകം തന്നെ മരിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കസേരയില്‍ നേരിയ ഭൂരിപക്ഷത്തോടെ ഇരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി അട്ടിമറി ആരോപണം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഒരു ആറ്റം ബോംബ് തന്റെ കൈയിലുണ്ടെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ (വെള്ളി) പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ബി.ജെ.പി കൃത്രിമം കാണിച്ചത് എന്ന് വരും ദിവങ്ങളില്‍ തങ്ങള്‍ തെളിയിക്കാമെന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് വ്യക്തമാക്കിയത്. തന്റെ കൈവശം നേരത്തെ തെളിവുകളില്ലായിരുന്നെന്നും അതുകൊണ്ടാണ് പൊതുജനത്തിന് മുന്‍പില്‍ ഇത് പറയാന്‍ കഴിയാതിരുന്നതെന്നും രാഹുല്‍ പറഞ്ഞു.

Content Highlight: ‘I am not a king, I am also against that concept’, Rahul Gandhi corrects his supporters

We use cookies to give you the best possible experience. Learn more