| Thursday, 21st August 2025, 4:59 pm

എസ്.ഐ.ആര്‍ വോട്ടര്‍ പട്ടികയെ ശുദ്ധീകരിക്കല്ല, മറിച്ച് ജനാധിപത്യത്തെ നശിപ്പിക്കല്‍: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) വോട്ടര്‍ പട്ടിക ശുദ്ധീകരണമല്ല, മറിച്ച് ജനാധിപത്യത്തെ നശിപ്പിക്കലാണെന്ന് കോണ്‍ഗ്രസ്. ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ 2024ലെ സര്‍വേയെ ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയത്.

എക്സില്‍ ഒരു മീഡിയ റിപ്പോര്‍ട്ട് പങ്കുവെച്ച് ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഈ ആരോപണം ഉന്നയിച്ചത്. 2024ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ കെ.എ.പി (നോളജ്, ആറ്റിറ്റിയൂഡ്, പ്രാക്ടീസ്) സര്‍വേ ബീഹാര്‍ വോട്ടര്‍ പട്ടികയെ കൃത്യതയുള്ളതും വളരെ ശക്തവുമാണെന്നും പ്രശംസിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ ഉപയോഗിക്കുന്നതും ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

‘2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ 2024 കെ.എ.പി (നോളജ്, ആറ്റിറ്റിയൂഡ്, പ്രാക്ടീസ്) സര്‍വേയില്‍ നിലവിലെ വോട്ടര്‍ പട്ടിക കൃത്യതയുള്ളതാണെന്ന് കണ്ടെത്തി. സങ്കീര്‍ണമായ രേഖകളുടെയും വിവരങ്ങളുടെ അഭാവത്തിലും യോഗ്യരായ നിരവധി പൗരന്മാര്‍ ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല,’ ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നതിലല്ല, മറിച്ച് ഉള്‍ക്കൊള്ളുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരിയില്‍ ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ ഒരു പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടത്തേണ്ടതിന്റെ ആവശ്യകതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വസിച്ചിരുന്നു എന്നത് വ്യക്തമാണ്. അതിനുശേഷം എന്താണ് മാറിയതെന്ന് അദ്ദേഹം ചോദിച്ചു.

‘ബീഹാറില്‍ കള്ളപ്പണം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനും തകര്‍ന്നടിഞ്ഞ എന്‍.ഡി.എ സഖ്യത്തെ സംരക്ഷിക്കാനും ആഗ്രഹിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ അപേക്ഷയാണോ ഇത്. എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണമല്ല, മറിച്ച് ജനാധിപത്യത്തെ നശിപ്പിക്കലാണ്,’ ജയറാം രമേശ് പറഞ്ഞു.

Content Highlight: Congress cited SIR is about destroying democracy than cleansing electoral rolls

We use cookies to give you the best possible experience. Learn more