| Friday, 26th October 2018, 9:20 pm

'പരീക്കറുടെ വീഡിയോ പുറത്തുവിടൂ, ഞങ്ങള്‍ വിശ്വസിക്കാം'; ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചിം: മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ വീഡിയോ പുറത്തു വിടാന്‍ ആവശ്യപ്പെട്ടു ഗോവ കോണ്‍ഗ്രസ്സ്. മനോഹര്‍ പരീക്കര്‍ ഇപ്പോഴും ആരോഗ്യവാന്‍ തന്നെയാണെന്നും, ഭരണം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും തെളിയിക്കാനുള്ള ബാധ്യത ഗോവ ബി.ജെ.പി. ഘടകത്തിനുണ്ടെന്നു കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു പറഞ്ഞു.

കഴിഞ്ഞ 5 മാസമായി പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മനോഹര്‍ പരീക്കര്‍.

തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. ഇങ്ങനെ പോയാല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിക്കാന്‍ തങ്ങള്‍ക്ക് കോടതിയോട് ആവശ്യപ്പെടേണ്ടി വരുമെന്നും ദേശ്പ്രഭു സൂചിപ്പിച്ചു. മുഖ്യമന്ത്രി തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാനായി അധികാരം ഒഴിയണമെന്ന് ഏറെ നാളായി കോണ്‍ഗ്രസ് ആവശ്യപ്പെട്ടുവരികയാണ്.

ALSO READ: ശ്രീലങ്കയില്‍ ഭരണ അട്ടിമറി; രജ്പക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

“മുഖ്യമന്ത്രി നടക്കുന്നതിന്റെയും, ഭക്ഷണം കഴിക്കുന്നതിന്റെയും ഒരു വീഡിയോ എങ്കിലും ഇവര്‍ പുറത്തുവിടേണ്ടതല്ലേ? പരീക്കറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു വിവരവും ഞങ്ങള്‍ക്ക് ലഭ്യമല്ല” ജിതേന്ദ്ര ദേശ്പ്രഭു പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി. ശ്രമിക്കരുതെന്നും, ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ടെന്നും ദേശ്പ്രഭു പറഞ്ഞു

കഴിഞ്ഞ കുറെ മാസങ്ങളായി മനോഹര്‍ പരീക്കര്‍ മുംബൈ, ഗോവ, ന്യൂയോര്‍ക്ക്, ന്യൂദല്‍ഹി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ഒക്ടോബര്‍ പതിനാലിന് ദല്‍ഹി “എയിംസി”ലെ ചികിത്സ കഴിഞ്ഞെത്തിയ ശേഷം ഒരു തവണ പോലും പരീക്കര്‍ പൊതുവേദിയില്‍ എത്തിയിരുന്നില്ല.

പരീക്കര്‍ ഇപ്പോള്‍ തന്റെ സ്വകാര്യ വസതിയില്‍ ചികിത്സയിലാണ്. എല്ലാവിധ ചികിത്സാ സൗകര്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഒരുക്കിയതായാണ് വിവരം. ഇരുപത്തിനാലു മണിക്കൂറും ചികിത്സകരുടെ സേവനം ഈ മുറിയില്‍ ലഭ്യമാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more