| Saturday, 18th October 2025, 12:29 pm

ഒവൈസിയില്‍ നിന്നാണ് കോണ്‍ഗ്രസും ബി.ആര്‍.എസും രാഷ്ട്രീയം പഠിക്കുന്നത്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ജൂബിലി ഹില്‍സ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ആര്‍.എസും പരസ്പരം കുറ്റപ്പെടുത്തുണ്ടെങ്കിലും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീനില്‍ (എ.ഐ.എം.ഐ.എം) നിന്ന് രാഷ്ട്രീയം പഠിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാര്‍. രാഹുല്‍ ഗാന്ധി എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും സഖ്യത്തിലാണെന്ന് പറഞ്ഞ് നടന്ന ഇപ്പോള്‍ ഇരുപാര്‍ട്ടികളും സഖ്യത്തില്‍ ഏര്‍പ്പെട്ടെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

ഒവൈസിയുടെ പിന്തുണ എങ്ങനെ കോണ്‍ഗ്രസ് വിശദീകരിക്കുമെന്നും ഇത് കാപട്യമല്ലെങ്കില്‍ എന്താണെന്നും സഞ്ജു കുമാര്‍ ചോദിച്ചു. ജൂബിലി ഹില്‍സില്‍ ബി.ജെ.പി ഒറ്റക്കാണ് മത്സരിക്കുന്നതെന്നും അവിടെ പാര്‍ട്ടി വലിയ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ് പോസ്റ്റിലൂടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന.

‘ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും ഒരുമിച്ചാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞ് നടക്കുന്നത്. എന്നാല്‍, ജൂബിലി ഹില്‍സില്‍ ഒവൈസി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പില്ലേ? ഇത് കാപട്യമല്ലെങ്കില്‍ പിന്നെ എന്താണ്?

ഇവിടെ ബി.ആര്‍.എസ് സഖ്യമില്ല. ഈ നുണക്കഥ കോണ്‍ഗ്രസിന്റെയും എ.ഐ.എം.ഐ.എമ്മിന്റെയും പ്രോപഗാണ്ടയില്‍ മാത്രമാണുള്ളത്. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒവൈസിയുമായി സഖ്യത്തിലാണെന്നതാണ് നിലവിലുള്ള ഏക സാഹചര്യം.

ബി.ജെ.പി ഇവിടെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എ.ഐ.എം.ഐ.എം ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ധൈര്യപ്പെടുന്നില്ല. മൂത്ത ഒവൈസി കോണ്‍ഗ്രസിനോട് ആജ്ഞാപിക്കുമ്പോള്‍ ഇളയ ഒവൈസി ബി.ആര്‍.എസിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നു.

കോണ്‍ഗ്രസും ബി.ആര്‍.എസും പോരാടുന്നതായി നടിക്കുകയാണ്. പക്ഷേ ഇരുവരും എ.ഐ.എം.ഐ.എമ്മില്‍ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നത്,’ സഞ്ജയ് കുമാര്‍ പറഞ്ഞു.

അതേസമയം, ജൂബിലി ഹില്‍സ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഒക്ടോബര്‍ 17ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിയെ സന്ദര്‍ശിച്ചിരുന്നു.

Content Highlight: Congress, BRS learning politics from AIMIM of Asaduddin Owaisi: Union Minister of State for Home Affairs Bandi Sanjay Kumar

We use cookies to give you the best possible experience. Learn more