| Wednesday, 19th November 2025, 8:30 pm

വി.എം. വിനുവിന് വോട്ടുണ്ടെന്ന് പാര്‍ട്ടിയെ അറിയിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി; രാജി എഴുതി വാങ്ങി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സംവിധായകന്‍ വി.എം. വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടപടി.

വി.എം. വിനുവിന് വോട്ടുണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച കൗണ്‍സിലറുടെ രാജി കോണ്‍ഗ്രസ് നിര്‍ബന്ധിതമായി എഴുതി വാങ്ങി. മലാപ്പറമ്പ് കൗണ്‍സിലര്‍ കെ.പി. രാജേഷിന്റെ രാജിയാണ് പാര്‍ട്ടി എഴുതി വാങ്ങിച്ചിരിക്കുന്നത്.

വി.എം. വിനുവിന്റെ വീടുള്‍പ്പെടുന്ന മലാപ്പറമ്പ് പ്രദേശത്തെ കൗണ്‍സിലറാണ് രാജേഷ്. ശാസിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി രാജിക്കത്ത് എഴുതി വാങ്ങിച്ചിരിക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് വ്യക്തമായതോടെ വി.എം. വിനു ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതിയില്‍ നിന്നും അനുകൂലമായ വിധി സമ്പാദിക്കാനായിരുന്നില്ല.

വോട്ടര്‍ പട്ടികയില്‍ വീണ്ടും പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എം. വിനു നല്‍കിയ ഹരജി ഇന്ന് (ബുധനാഴ്ച) ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം. വിനുവിന് മത്സരിക്കാനാകില്ലെന്ന് ഉറപ്പായി.

അതേസമയം, ഹരജി തള്ളിക്കൊണ്ടുള്ള വിധിയില്‍ വി.എം. വിനുവിനെതിരെ കോടതി വിമര്‍ശനവും ഉന്നയിച്ചു.

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയടക്കം അറിയിച്ചതും അറിഞ്ഞിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേയുള്ളൂ.

സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. സ്വന്തം കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി പരിഗണിച്ചത്.

Content Highlight: Congress asks resignation letter of a Councilor, who informed party that VM Vinu has vote in Local Body Election

We use cookies to give you the best possible experience. Learn more