| Friday, 17th October 2025, 7:33 am

സിറ്റിങ് എം.എല്‍.എമാര്‍ അടക്കം 48 പേര്‍; ബീഹാറില്‍ പടയൊരുക്കമാരംഭിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. നവംബര്‍ ആറ്, 11 തീയ്യതികളില്‍ രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പട്ടികയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ടത്.

അഞ്ച് സ്ത്രീകളും നാല് മുസ്‌ലിങ്ങളും ആദ്യ ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒപ്പം ഭഗല്‍പൂര്‍, കദ്വ, മണിഹരി, മുസാഫര്‍പൂര്‍, ബക്‌സര്‍ അടക്കമുള്ള 11 സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.

മഹാഗ്ബന്ധന്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം ബീഹാര്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ രാജേഷ് റാം, നിയമസഭാ പാര്‍ട്ടി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ യഥാക്രമം കുടുമ്പ, കദ്വ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും.

പ്രതിമ കുമാരി സംവരണ മണ്ഡലമായ രാജപാക്കറയില്‍ നിന്നും ശിവ് പ്രകാശ് ഗരീബ് ദാസ് ബച്വാരയില്‍ നിന്നും അമിത ഭൂഷണ്‍ ബെഗുസാരായിയില്‍ നിന്നും, ബ്രജ് കിഷോര്‍ രവി റൊസേര നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കും.

സംവരണ മണ്ഡലമായ സാക്രയാണ് ഉമേഷ് റാമിന് നല്‍കിയിട്ടുള്ളത്. ബിജേന്ദ്ര ചൗധരി – മുസാഫര്‍പൂര്‍, സവിത കുമാരി – സോന്‍ബര്‍സ (സംവരണം), പുനം പാസ്വാന്‍ കോര്‍ഹ അസംബ്ലി സീറ്റില്‍ നിന്നുമാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.

ഖഗാരിയയില്‍ നിന്നാണ് ഡോ.ചന്ദന്‍ യാദവ് ജനവിധി തേടുന്നത്. ശ്യാം ബിഹാരി പ്രസാദ് റക്‌സൗളിലും ശശിഭൂഷണ്‍ റായി ഗോവിന്ദ്ഗഞ്ചിലും വാസി അഹമ്മദ് ബെട്ടിയയിലും മത്സരിക്കും.

അമിത് കുമാര്‍ സിങ് തുന്ന – റിഗ, നവീന്‍ കുമാര്‍ – ബത്നഹ, ജയേഷ് മംഗള്‍ സിങ് – ബഗഹ, അമിത് ഗിരി – നൗതന്‍, അഭിഷേക് രഞ്ജന്‍ – ചന്‍പതിയ, നീതു കുമാരി – ഹിസുവ, അവധേഷ് കുമാര്‍ സിങ് – വസീര്‍ഗഞ്ച്, ആനന്ദ് ശങ്കര്‍ സിങ് ഔറംഗബാദ്, സന്തോഷ് മിശ്ര – കര്‍ഗഹാര്‍, മംഗള്‍ റാം – ചെനാരി എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും തങ്ങളുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. 71 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും യഥാക്രമം താരാപൂരിലും ലഖിസാരായ് സീറ്റിലും മത്സരിക്കും.

ഒപ്പം ആര്‍.ജെ.ഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായിരുന്ന മുന്‍ കേന്ദ്രമന്ത്രി രാംകൃപാല്‍ യാദവിനും ബി.ജെ.പി സീറ്റ് നല്‍കിയിട്ടുണ്ട്.

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ നിയമസഭാ സ്പീക്കര്‍ നന്ദ് കിഷോര്‍ യാദവിന്റെ പേരില്ല എന്നതും ശ്രദ്ധേയമാണ്. 2010 മുതല്‍ പട്‌ന സാഹിബ് മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചത് മന്ദ് കിഷോര്‍ യാദവായിരുന്നു. ഈ സീറ്റില്‍ രത്‌നേഷ് കുശ്വാഹിയെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

Content Highlight: Congress announced first list of candidates before Bihar Election

We use cookies to give you the best possible experience. Learn more