| Thursday, 5th November 2026, 10:53 pm

ബെംഗളൂരു മെട്രോ വികസിച്ചത് മോദി സര്‍ക്കാര്‍ കാരണമെന്ന് തേജസ്വി സൂര്യ: 87 ശതമാനം വിഹിതം സംസ്ഥാനസര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ്

ദേവിക ജയചന്ദ്രന്‍

ബെംഗളൂരു: ബെംഗളൂരു മെട്രോ കേന്ദ്രത്തിന്റേതോ സംസ്ഥാനത്തിന്റേതോ എന്ന് പരസ്പരം പോരടിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും. 2014 മുതല്‍ ഇന്ത്യയില്‍ മെട്രോ ലൈനുകളിലുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമത്തില്‍ അവകാശവാദവുമായി ഇരുപാര്‍ട്ടികളും എത്തിയത്.

2014ല്‍ അഞ്ച് നഗരങ്ങളിലായി 248 കിലോമീറ്റര്‍ മെട്രോ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോളത് 26 നഗരങ്ങളിലായി 1,200നടുത്ത് കിലോമീറ്റര്‍ ഉണ്ടെന്നുമാണ് നരേന്ദ്ര മോദി എക്‌സില്‍ പറഞ്ഞത്. പുണെയില്‍ പൂര്‍ണമായും സ്ത്രീകള്‍ ഓപറേറ്റ് ചെയ്യുന്ന 8,300 കോടി രൂപ മുടക്കി നിര്‍മിച്ച പിങ്ക് ലൈന്‍ മെട്രോ നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്.

ഇതിന് പിന്നാലെ കര്‍ണാടകയില്‍ നിന്നുള്ള ലോക്‌സഭാ എം.പിയായ തേജസ്വി സൂര്യ ബെംഗളൂരു മെട്രോയുടെ വികസനത്തിന് കാരണം മോദി സര്‍ക്കാര്‍ ആണെന്ന് പറഞ്ഞ് രംഗത്തെത്തി. 2014ന് മുമ്പ് ബെംഗളൂരു മെട്രോ വെറും ഏഴ് കിലോമീറ്റര്‍ ആയിരുന്നുവെന്നും പിങ്ക് ലൈന്‍ ഉദ്ഘാടനം ചെയ്തതോടെ അത് 103 കിലോമീറ്റര്‍ ആയി എന്നുമാണ് തേജസ്വി സൂര്യ എക്‌സിലൂടെ പറഞ്ഞത്.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി ഒരു പുതിയ മെട്രോ ലൈനിന് അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. തേജസ്വി സൂര്യയുടെ വാക്കുകള്‍ പ്രകാരം മോദി ബെംഗളൂരു മെട്രോ ഉദ്ഘാടനം ചെയ്യുക മാത്രമല്ല ഓരോ ട്രാക്ക് ഇടുകയും ഓരോ സേ്റ്റഷനും പണിയുകയും ചെയ്തിട്ടുണ്ടാവുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ചിലപ്പോള്‍ ഓരോ ട്രെയിനും ഓടിച്ചുനോക്കുകയും ചെയ്തിട്ടുണ്ടാവുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

നമ്മ മെട്രോ പ്രൊജക്ടിന്റെ ചെലവിന്റെ 87.37 ശതമാനം സംസ്ഥാനസര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നും കേന്ദ്രവിഹിതം 12.63 ശതമാനം മാത്രമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

പക്ഷേ, എങ്ങനെയോ മോദി പദ്ധതിയുടെ 100 ശതമാനം ക്രെഡിറ്റിന് അര്‍ഹനായിരിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

‘വിരോധാഭാസം എന്തെന്നാല്‍ ഏറ്റവും പുതിയ പ്രതിമാസ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ജി.എസ്.ടി സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടക. നികുതി പിരിച്ചെടുക്കുന്ന കാര്യത്തില്‍ കര്‍ണാടക മുന്നിലാണ്. എന്നാല്‍ കര്‍ണാടകയ്ക്ക് ഫണ്ട് തിരിച്ചുനല്‍കേണ്ടിവരുമ്പോള്‍ കേന്ദ്രത്തിന് പെട്ടെന്ന് സാമ്പത്തിക കാര്യങ്ങള്‍ മറന്നുപോകുന്നു!,’ കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടകയില്‍ നിന്ന് വാരിക്കോരി പണം പിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തിരികെ നല്‍കുമ്പോള്‍ പിശുക്കുകയും അതേസമയം അതിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് നിര്‍ലജ്ജം സ്വന്തമാക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

‘ഇതാണ് ബിജെപിയുടെ ഇരട്ട എന്‍ജിന്‍ മാതൃക! ക്രെഡിറ്റ് സ്വന്തമാക്കുന്നത് ഒരു മെട്രോ പാതയായിരുന്നെങ്കില്‍, ഒരു പാത പോലും നിര്‍മ്മിക്കാതെ നിങ്ങള്‍ ഇതിനകം 1,000 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയേനെ!,’ കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

പണം നല്‍കുന്നത് കര്‍ണാടകയും ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് മോദിയും പ്രചാരണ നാടകത്തിന് ടിക്കറ്റ് വില്‍ക്കുന്നത് തേജസ്വിയുമാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

Content Highlight: Congress and BJP head to head over  the credit of  Bengaluru metro

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more