[] പനാജി: ഗോവയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക കോടതിയില്‍ ഹരജി നല്‍കി.
ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് ദുര്‍ഗദാസ് കമ്മത്താണ് പനാജി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ഹരജിയില്‍ വാദം കേള്‍ക്കും. സംസ്ഥാനത്തിന്റെ മതേതരസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് മുത്തലിക്കിന്റെ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി അനുയോജ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ദുര്‍ഗാദാസ് ഹരജിയില്‍ ആവശ്യപ്പെട്ടു.
ഗോവയില്‍ നടക്കുന്ന അഖിലേന്ത്യാ ഹിന്ദു കണ്‍വെന്‍ഷന്‍ മുത്തലിക്ക്.അഭിസംബോധന ചെയ്യുന്നുണ്ട്. ശ്രീരാമസേനയുടെ പ്രാദേശിക ഘടകം ഗോവയില്‍ സ്ഥാപിക്കുമെന്നും സംസ്ഥാനത്തെ പബ് സംസ്‌കാരവും അനാശാസ്യപ്രവര്‍ത്തനങ്ങളും തടയുമെന്നും കണ്‍വെന്‍ഷനില്‍ മുത്തലിക്ക് പറഞ്ഞു.
എന്നാല്‍ ഇവിടെ വന്ന് പബുകള്‍ നിര്‍ത്തലാക്കാന്‍ മുത്തലിക്കിനെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പബ് പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങളുടെ ടൂറിസം നിലനില്‍ക്കുന്നതെന്നും ദുര്‍ഗദാസ് പറഞ്ഞു. പബ് സംസ്ഥാനത്ത് നിയമപരമായി അനുവദനീയമാണ്. ഗോവയിലെ ഹിന്ദുക്കള്‍ അങ്ങേയറ്റം മതേതരസമീപനം പുലര്‍ത്തുന്നവരാണ്. തങ്ങള്‍ക്ക് അനുയോജ്യമായ സാമൂഹിക ജീവിതമെന്ന് എന്താണ് അവര്‍ക്ക് നന്നായി അറിയാം- ദുര്‍ഗദാസ് കൂട്ടിച്ചേര്‍ത്തു.
അഖിലേന്ത്യാ ഹിന്ദു കണ്‍വെന്‍ഷനില്‍ പ്രമോദ് മുത്തലിക്ക് ചെയ്ത പ്രസംഗങ്ങളുടെ പേരില്‍ ദുര്‍ഗദാസ് കഴിഞ്ഞ വര്‍ഷവും പരാതി നല്‍കിയിരുന്നു. പക്ഷേ, പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനോ കേസെടുക്കാനോ പൊലീസ് തയാറായില്ല. ആത്മരക്ഷക്കായി എല്ലാ ഹിന്ദുക്കളും ആയുധമെടുക്കണമെന്നാണ് കണ്‍വെന്‍ഷനില്‍ മുത്തലിക്ക് ആഹ്വാനം ചെയ്തിരുന്നത്.
യു ട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട പ്രസംഗങ്ങളുടെ വിഡിയോ ലിങ്കുകള്‍ കമത്ത് പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് ദൃശ്യങ്ങള്‍ യു ട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു.