ന്യൂദല്‍ഹി: യു.എസില്‍ നിന്ന് ഇന്ത്യ 500 ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ വാങ്ങുമെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പ്രഖ്യാപനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. റൂബിയോയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ‘നല്ല സുഹൃത്ത്’ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താന്‍ ഒരു പടി കൂടി മുന്നോട്ട് പോയി എന്നാണൈന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ജനവിരുദ്ധവും അപകടകരവുമായ വ്യാപാര കരാര്‍ വേണ്ടെന്നു വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധൈര്യം കാണിച്ചില്ലെന്ന് മാധ്യമങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളോട് വിദേശ യാത്രകള്‍ കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും പറയുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് യു.എസില്‍ നിന്നുള്ള ഇറക്കുമതി കരാറിന് സമ്മതിച്ചതെന്നും ജയറാം രമേശ് ചോദിച്ചു. ഇറക്കുമതി വര്‍ധിച്ചാല്‍ അത് രൂപയുടെ മൂല്യം ഇനിയും തകരാന്‍ കാരണമാവില്ലേ എന്നും അദ്ദേഹം ചോദിച്ചു.
‘2025 മെയ് 10ന്, ഓപ്പറേഷന്‍ സിന്ദൂര്‍ അപ്രതീക്ഷിതമായി നിര്‍ത്താന്‍ കാരണമായ വെടിനര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആയിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഇടപെടലാണ് വെടിനിര്‍ത്തലിലേക്ക് എത്തിച്ചതെന്നാണ് റൂബിയോ അവകാശപ്പെട്ടത്,’ ജയറാം രമേശിന്റെ പ്രസ്താവനയില്‍ പറയുന്നു.
2026 മെയ് 21ന് റൂബിയോ ആണ് വെനസ്വേലന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യയും വെനസ്വേലയും ഈ സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തും മുന്‍പായിരുന്നു റൂബിയോയുടെ പ്രഖ്യാപനമെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ന്, യു.എസില്‍ നിന്നുള്ള 500 ബില്യണ്‍ ഡോളറിന്റെ ചരക്ക് വാങ്ങാന്‍ ഇന്ത്യ കരാറിലെത്തിയതായി പ്രഖ്യാപിച്ച് റൂബിയോ ഒരു തവണ കൂടി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി എന്നീ രംഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.എസില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്ക് ഇന്ത്യ സന്നദ്ധത അറിയിച്ചതായാണ് മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്നതായി മാര്‍ക്കോ റൂബിയോ എക്‌സില്‍ കുറിച്ചിരുന്നു. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അടക്കമുള്ളവര്‍ക്കാണ് റൂബിയോ നന്ദി പറഞ്ഞത്.
Content highlight: Congress about Marco Rubio statement on India’s agreement on USD 500 Billion Dollar worth of imports from US