കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. സാമൂഹിക, സാസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിന്നുള്ള നിരവധി പേരാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തിക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍, മുസ്‌ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി, എഴുത്തുകാരിയായ ശാരദക്കുട്ടിയും സുനില്‍.പി. ഇളയിടവും കോണ്‍ഗ്രസ് നേതാവായ ടി.എന്‍. പ്രതാപനുമൊക്കെ ഇതില്‍ ഉള്‍പ്പെടും.
നിമിഷ പ്രിയ വിഷയത്തില്‍ എല്ലാ വാതിലുകളും അടഞ്ഞ് മലയാളി മനസ്സാക്ഷി സങ്കടപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊന്‍കിരണം പോലെ കാന്തപുരത്തിന്റെ ഇടപെടല്‍ ഉണ്ടായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി വധശിക്ഷ നീട്ടിവെച്ചെന്ന സന്തോഷ വാര്‍ത്ത കേട്ടതോടെ ഉസ്താദിനെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കാന്തപുരത്തിന്റെ നിര്‍ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ഇടപെടലുകള്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പിക്കാമെന്നും സന്തോഷ വാര്‍ത്തക്കായി കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി.എന്‍. പ്രതാപന്‍ നിമിഷപ്രിയയുടെ മോചനത്തിലെ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനേയും അഭിനന്ദിച്ചു. ഉമ്മന്‍ ചാണ്ടിയുടെ അവസാന നാളുകള്‍ വരെ നിമിഷ പ്രിയയ്ക്കായി അദ്ദേഹം ശ്രമം തുടര്‍ന്നു, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമവും തുടര്‍ന്നു. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമ്രന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇരയായ യെമന്‍ പൗരന്റെ കുടുംബവുമായും പ്രാദേശിക ഗോത്ര വിഭാഗങ്ങളുമായും കോടതിയുമായും സര്‍ക്കാരുമായും ഒരുപോലെ ഒരു സംഭാഷണം സാധ്യമാക്കാന്‍ കഴിയാത്തതിനാല്‍ എല്ലാ ശ്രമവും ലക്ഷ്യം കാണുന്നുണ്ടായിരുന്നില്ല. എന്നിട്ടും എല്ലാ പരിശ്രമങ്ങളും തുടര്‍ന്നു. ഒപ്പം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദ് ഇടപെടുക കൂടി ചെയ്തതോടെ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാവുകയും ഇപ്പോള്‍ ശിക്ഷാ നടപടികള്‍ മരവിപ്പിക്കുന്ന തീരുമാനം ഉണ്ടാവുകയും ചെയ്തു,’ ടി.എന്‍. പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യാന്തര തലത്തില്‍ വിപുലമായ പണ്ഡിത-സൂഫീ ശൃഖലയും രാജ്യങ്ങളുടെ തലവന്മാരുമായി അടുത്ത സൗഹൃദവും കാന്തപുരത്തിനുണ്ടെന്നും ടി.എന്‍. പ്രതാപന്‍ ചൂണ്ടിക്കാട്ടി. നിമിഷ പ്രിയക്ക് വേണ്ടി ഉപകാരപ്പെട്ടതും ആ സൗഹൃദമാണ്. ഉസ്താദിന്റെ ഇടപെടല്‍ മാനവികതയുടെ മഹിതമായ സന്ദേശം കൂടിയാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
പ്രശാന്ത് ആലപ്പുഴയും കാന്തപുരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് പണിയൊക്കെ ഒതുങ്ങി കഴിയുമ്പോള്‍ മനോഹരമായ അക്ഷരത്തില്‍ ദൈവം കാന്തപുരത്തിന് നന്ദിയറിച്ചുകൊണ്ട് കത്തെഴുതുമെന്ന് അദ്ദേഹം കാവ്യാത്മകമായി എഴുതി. ‘പ്രിയപ്പെട്ട അബൂബക്കര്‍, വളരെ നന്ദി. മനുഷ്യരില്‍ ഒരു വിഭാഗത്തെ മാത്രം സൃഷ്ടിച്ച ആളായി എന്നെ ചുരുക്കാത്തതിന്, ആയുസ്സിന്റെ പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തുവാന്‍ എന്നെ ഇടയാക്കിയതിന്,’ ഇപ്രകാരമായിരിക്കും ഈ കത്തെന്നാണ് പ്രശാന്ത് ആലപ്പുഴ എഴുതിയത്.
മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിക്കുന്നു എന്ന വയലാറിന്റെ വരികള്‍ കടമെടുത്താണ് ശാരദക്കുട്ടി അഭിനന്ദനം അറിയിച്ചത്. നിമിഷ പ്രിയയോട് കാണിച്ച മനുഷ്യത്വത്തിന് നന്ദിയെന്നും അവര്‍ കുറിച്ചു. ‘അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരക,’മെന്നാണ് കാന്തപുരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സുനില്‍.പി. ഇളയിടം പ്രതികരിച്ചത്. കാന്തപുരത്തിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിതെന്ന് ജയറാം ജനാര്‍ദ്ദനനും എഴുതി. മലയാളികളുടെ സാമൂഹിക ജീവിതത്തെ സര്‍ഗാത്മകമാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരില്‍ ഒരാളാണ് കാന്തപുരം.
എവിടെയോ കിടന്ന് ആരുടെയും സഹായം എത്തിച്ചേരാതെ കൊല്ലപ്പെടുമായിരുന്ന ഒരു മലയാളി യുവതിക്ക് ജീവിതം തിരിച്ചു പിടിക്കാന്‍ ഒരവസരം കൂടി ലഭ്യമാക്കിയത് കാന്തപുരത്തിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. മനുഷ്യ സ്‌നേഹികള്‍ അദ്ദേഹത്തോട് ആഴത്തില്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Congratulations pour in for Kanthapuram A. P. Aboobacker Musliyar