| Wednesday, 13th May 2026, 9:11 pm

അണ്ണാ അണ്ണന്റെ ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങള്‍; അത് ഞങ്ങളുടെ പണമല്ലേ: ജ്യോതിഷിക്ക് ജോലി നല്‍കിയ വിജയ്‌ക്കെതിരെ നടി

നിഷാന. വി.വി

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പരിഹാസവുമായി നടി ജൂലി. തന്റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയ നടപടിക്കെതിരെയായിരുന്നു നടിയുടെ പരിഹാസം.

മുന്‍ ബിഗ് ബോസ് താരവും ആര്‍ട്ടിസ്റ്റുമാണ് ജൂലി. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. ‘ഞങ്ങള്‍ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാതനത്തിന് എതിരായവരാണ്.

പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങള്‍ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. മറിച്ച് ദൈവത്തെ മുന്‍നിര്‍ത്തി ചെയ്യുന്ന കാര്യങ്ങള്‍ക്കെതിരെയേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളു. എന്തായാലും പ്രധാനപ്പെട്ടൊരു ജോലി, അത്രയും പ്രധാനപ്പെട്ടൊരു ജ്യോത്സ്യന് കൊടുത്തിരിക്കുന്നു(പരിഹാസത്തോടെ). അയാള്‍ക്ക് കൊടുക്കുന്ന പ്രതിഫലം എവിടെ നിന്നാണ് വരുന്നത് ? അത് ഞങ്ങളുടെ നികുതി പണമല്ലേ?’ അവര്‍ ചോദിച്ചു.

സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പരിഹാസം. ഇതിനൊപ്പം ജനങ്ങളുടെ നികുതിപ്പണം ഞാന്‍ ഒരിക്കലും ദുര്‍വിനിയോഗം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ വിജയ് പറയുന്ന വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ ജ്യോതിഷിയുടെ സര്‍ക്കാര്‍ നിയമനം റദ്ദാക്കിയിരുന്നു. ഇന്നലെയായിരുന്നു റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആക്കിയുള്ള നിയമനം നടത്തിയിരുന്നത്.

പിന്നാലെ സഖ്യകക്ഷികളില്‍ നിന്നടക്കം വ്യാപകമായ വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെയാണ് നിയമനം റദ്ദാക്കിയത്.

Content Highlight: Congratulations on Anna Annan’s first scam; Isn’t that our money?: Actress slams Vijay for giving job to astrologer

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more