ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ‘ഒത്തുകളി’ നടത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജി വെക്കണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവെക്കണം. എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 13 കോടിയിലധികം പേരുകള്‍ പുനസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഖാര്‍ഗെയ്ക്ക് പുറമെ പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി വാദ്ര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ നീതിയുക്തവും സുതാര്യവുമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തേത് ഒത്തുകളി നടക്കുന്ന തിരഞ്ഞെടുപ്പുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി-ആഭ്യന്തരമന്ത്രി സഖ്യവും ചേര്‍ന്‌നുള്ള ഒത്തുകളിയാണ് അതെന്നും രമേശ് പറഞ്ഞു.
ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അന്ന് പലരും അത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പാര്‍ട്ടി മാത്രമല്ലെന്നും പ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടി കൂടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഉത്തരവാദിത്തം, സുതാര്യത, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പവിത്രത വീണ്ടെടുക്കല്‍ എന്നിവയെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് മാത്രം ഉണ്ടായിരുന്ന ഒരു ബോധ്യം ഇപ്പോള്‍ രാജ്യവ്യാപകമായ ആവശ്യമായി മാറിയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മികമായും ഉത്തരവാദിത്തപരമായും പരാജയപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ യുടെ അടിയന്തര രാജി ആവശ്യപ്പെടുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ വര്‍ക്കിങ് കമ്മിറ്റിയുടെ പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്. എസ്.ഐ.ആര്‍ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുക്കാനും പ്രമേയത്തില്‍ പറയുന്നു. എസ്.ഐ.ആര്‍ വഴി തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയെയും സുതാര്യതയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളുടെ അടക്കം പശ്ചാത്തലത്തിലാണ് ഇത്. എസ്.ഐ.ആര്‍ നടപടിക്രമത്തിന്റെ ഭരണഘടനാപരമായ സാധുത കൂടി കണക്കാക്കിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 13 കോടി 30 ലക്ഷം പേരുടെ പേരുകള്‍ ഉടന്‍ പുനസ്ഥാപിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വേണ്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആസൂത്രണം ചെയ്ത ലജ്ജാകരമായ വോട്ട് കവര്‍ച്ചയാണിത്. അവരുടെ രാജിയിലൂടെയല്ലാതെ നമ്മുടെ ഭരണഘടനയുടെയും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ജനാധിപത്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പ്രമേയത്തില്‍ പറയുന്നതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
Congress CWC Meeting
ജനങ്ങളുടെ വോട്ടവകാശത്തിന്മേലുള്ള ഈ നാണമില്ലാത്ത കൊള്ള നടത്തിയവരെ വെറുതെ വിടില്ലെന്ന് ബി.ജെ.പിയും അവര്‍ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരും മനസ്സിലാക്കണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ഓരോ പൗരന്റെയും വോട്ട് സുരക്ഷിതമാവുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായി പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നത് വരെ കോണ്‍ഗ്രസ് പോരാടുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
വോട്ട് കൊള്ളക്കെതിരെ പാര്‍ലമെന്റിലും കോടതികളിലും തെരുവുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെതിരെ പോരാടും. വോട്ടവകാശം പുനസ്ഥാപിക്കാനുള്ള പോരാട്ടം പാര്‍ട്ടിയെ സംബന്ധിച്ച് സ്വാതന്ത്ര്യസമരത്തിന് തുല്യമാണെന്നും പ്രമേയത്തില്‍ പറയുന്നു.
ഗ്യാനേഷിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി തുടരാന്‍ ഒരു ദിവസം പോലും ധാര്‍മ്മികമായ അവകാശമില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗ്യാനേഷിന്റെ രാജിക്ക് വേണ്ടി എന്ത് ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്താന്‍ പോകുന്നതെന്ന് വരും ദിവസങ്ങളില്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് ഒരു ഉപകരണം മാത്രമാണ്. ഏകാധിപതികള്‍ക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അധികാരത്തില്‍ തുടരാന്‍ അവര്‍ അസാധാരണമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. എസ്.ഐ.ആര്‍ വിഷയത്തിലെ അദ്ദേഹത്തിന്റെ നടപടികള്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയുമാണ്. ഗ്യാനേഷിന് അത് യജമാനന്മാരുടെ – അനുമതിയില്ലാതെ നടപ്പിലാകാന്‍ സാധ്യതയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. ധാര്‍മ്മിക കാരണങ്ങളാല്‍ പ്രധാനമന്ത്രിയുടെ രാജി തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Content Highlight: Cong demands PM Modi’s resignation for ‘match-fixing’ polls through CEC; demands suspension of SIR