| Monday, 12th May 2025, 8:02 pm

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ അടക്കം ആശയക്കുഴപ്പം; പാര്‍ലമെന്റ് പ്രത്യേകം സമ്മേളനം വിളിക്കണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേകം സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ട് സി.പി.ഐ.എം. ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അടക്കമുള്ള വിഷയങ്ങളുടെ വെളിച്ചത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് സി.പി.ഐ.എം പറഞ്ഞു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം നമ്മുടെ രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സമാധാനപ്രിയരായ അന്താരാഷ്ട്ര സമൂഹത്തിനും ആശ്വാസം പകരുന്നതാണെന്നും സി.പി.ഐ.എം പറഞ്ഞു. എന്നിരുന്നാലും ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

‘ഏപ്രില്‍ 22ന് നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഹീനമായ ആക്രമണം രാജ്യത്തിന്റെ മനസാക്ഷിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. അനന്തരഫലമായി രാജ്യത്തുടനീളമുള്ള പൗരന്മാര്‍ പ്രകടമാക്കിയ അതിശക്തമായ ഐക്യം രാജ്യത്തിന്റെ ശക്തവും അമൂല്യവുമായ ശക്തിയാണ്. ഈ ഐക്യദാര്‍ഢ്യം തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഒറ്റപ്പെടുത്താന്‍ ഉപയോഗിക്കണം,’ സി.പി.ഐ.എം പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില ഉള്ളടക്കങ്ങളും തെറ്റായ പ്രചരണങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ കാര്യമായ ആശയക്കുഴപ്പത്തിനും അസ്വസ്ഥതയ്ക്കും ഇടയാക്കിയിട്ടുണ്ടെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. ഇതിനുപുറമെ വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനവും സമാനമായ ആശയക്കുഴപ്പം സൃഷ്ടിച്ചതായും സി.പി.ഐ.എം പറയുന്നു.

മൂന്നാമതൊരു കക്ഷിയുടെ ഇടപെടലില്ലാതെ തന്നെ ഉഭയകക്ഷിയുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുക എന്നത് രാജ്യത്തിന്റെ നയമാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടെ വ്യക്തത ആവശ്യമാണെന്നും സി.പി.ഐ.എം പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ പ്രധാനമന്ത്രി നിര്‍ണായക പങ്ക് വഹിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

അതേസമയം മധ്യസ്ഥ വഹിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് പിന്നാലെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് സംസാരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥനാകാമെന്ന് പറഞ്ഞതില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് സംസാരിക്കണമെന്നും പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയുടെ വിദേശകാര്യ വകുപ്പ് മുന്നോട്ടുവന്നത്. കൂടാതെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സമവായ ശ്രമങ്ങള്‍ക്കും ആശയവിനിമയത്തിനും യു.എസ് പിന്തുണ നല്‍കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Confusion over Trump’s ceasefire announcement; Parliament should convene a special session: CPI(M)

We use cookies to give you the best possible experience. Learn more