| Wednesday, 17th September 2025, 9:41 pm

ബുര്‍ഖ ധരിച്ച സ്ത്രീയെ ബസില്‍ കയറ്റാതെ കണ്ടക്ടര്‍, ലൈസന്‍സ് റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: തമിഴ്‌നാട് തിരുച്ചെന്തൂരില്‍ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ബസില്‍ കയറ്റാന്‍ വിസമ്മതിച്ച് കണ്ടക്ടര്‍. പിന്നാലെ സ്വകാര്യ ബസ് ഓപ്പറേറ്ററുടെ പെര്‍മിറ്റും കണ്ടക്ടറുടെ ലൈസന്‍സും റദ്ദ് ചെയ്തതായി തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. ബുര്‍ഖ ധരിച്ച യാത്രക്കാരിയെ കണ്ടക്ടര്‍ തടയുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

മതിയായ യാത്രാ പാസും ടിക്കറ്റും കൈയിലുണ്ടായിരുന്നിട്ടും ഇവരോട് ബസില്‍ കയറാന്‍ പാടില്ലെന്ന് കണ്ടകര്‍ പറയുകയായിരുന്നു. നാട്ടുകാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. കായല്‍പട്ടണത്തിലേക്ക് പോകാനായി ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ബസില്‍ കയറ്റാതെ കണ്ടക്ടര്‍ തടഞ്ഞുവെച്ചു. മറ്റ് യാത്രക്കാരോട് കയറാന്‍ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. പിന്നാലെ ചുറ്റുമുണ്ടായിരുന്നവര്‍ കണ്ടക്ടറെ ചോദ്യം ചെയ്യാനാരംഭിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് ആ സ്ത്രീയെ ബസില്‍ കയറ്റാത്തതെന്ന് വീഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാനാകുന്നുണ്ട്. ഇവരെ ബസില്‍ കയറ്റരുതെന്ന് ബസിന്റെ ഉടമ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ബസിന്റെ ഉടമയുടെ നമ്പര്‍ അവര്‍ക്ക് കണ്ടക്ടര്‍ നല്‍കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ സ്വകാര്യ ബസ് ട്രാവല്‍ കമ്പനിയായ വി.വി.എസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെയും കണ്ടക്ടറുടെയും ലൈസന്‍സ് ടി.എന്‍.എസ്.ടി.സി റദ്ദാക്കുകയായിരുന്നു.

Content Highlight: Conductor refuses to let women in Burqa to board on bus in Thiruchendur

We use cookies to give you the best possible experience. Learn more