ന്യൂദല്‍ഹി: ക്യൂബയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കിയതിനെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. ക്യൂബയ്‌ക്കെതിരെ സാമ്രാജ്യത്വ ആക്രമണം രൂക്ഷമാക്കുകയാണ് യു.എസെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് യു.എസ് ആക്രണത്തെയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയുമടക്കം നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.
ക്യൂബയോടുള്ള പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയാണെന്നും ക്യൂബയ്ക്ക് ആവശ്യമായ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഉടനെ എത്തിക്കണമെന്നും പി.ബി യോഗത്തിന് ശേഷം പുറത്തുവിട്ട പ്രസ്താവനയിലൂടെ പാര്‍ട്ടി ആവശ്യപ്പെട്ടു.
ക്യൂബയുടെ സമ്പദ് വ്യവസ്ഥയെ തളര്‍ത്താനും കീഴടങ്ങുന്നതിലേക്ക് നയിക്കാനുമായി യു.എസ് മറ്റ് രാജ്യങ്ങളെ ക്യൂബയിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്താനായി നിര്‍ബന്ധിക്കുകയാണെന്ന് പി.ബി വിമര്‍ശിച്ചു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ക്യൂബന്‍ ജനത സാമ്രാജ്യത്വ സമ്മര്‍ദങ്ങളെ ചെറുക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണം നടത്താനായി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസിന്റെ സായുധ ബോട്ടിനെ ക്യൂബന്‍ സര്‍ക്കാര്‍ തടഞ്ഞുവെന്നും യു.എസിന്റെ അറിവോടെയാണ് ഇക്കാര്യം സംഭവിച്ചതെന്നും പി.ബി ചൂണ്ടിക്കാണിച്ചു.
ക്യൂബയ്ക്കും വെനസ്വേലയ്ക്കും ഇറാനും കേന്ദ്ര സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഈ രാജ്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുകയും ചെയ്യണമെന്ന് പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.
ഇറാനെ ലക്ഷ്യം വെച്ച് അമേരിക്ക പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇറാനെതിരായ ഏതാരു ആക്രമണവും ഈ മേഖലയെ ഒന്നാകെ ബാധിക്കും. പശ്ചിമേഷ്യയുടെ മാത്രമല്ല ആഗോള സമാധാനത്തിന് തന്നെ വലിയ തിരിച്ചടിയായിരിക്കും യു.എസ് ആക്രമണമെന്നും പൊളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തെയും പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. ഇസ്രഈല്‍ പാര്‍ലമെന്റിലെ മോദിയുടെ പ്രസംഗം ഇസ്രഈലിന്റെയും അമേരിക്കയുടെയും നയങ്ങളോട്് ഇന്ത്യന്‍ വിദേശനയം പൂര്‍ണമായും യോജിക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. ഫലസ്തീനെ പിന്തുണയ്ക്കുകയും അവരുടെ സ്വതന്ത്ര രാഷ്ട്രമെന്ന ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ദീര്‍ഘകാലമായ നിലപാടിന്റെ വ്യതിചലനമാണിതെന്നും പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാണിച്ചു.
ഇസ്രഈലിന്റെ പ്രേരണയാല്‍ ഇറാനെ ആക്രമിക്കാന്‍ യു.എസ് തയ്യാറെടുക്കുന്ന ഈ സാഹചര്യത്തിലെ മോദിയുടെ സന്ദര്‍ശം അനുചിതമായെന്നും പി.ബി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുന്ന ഇന്ത്യ-യു.എസ് വ്യാപാര കരാറിനെയും പ്രസ്താവനയില്‍ വിമര്‍ശിച്ചു. കരാര്‍ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം തകര്‍ക്കുമെന്ന് പ്രസ്താവന വിശദീകരിച്ചു.
Content Highlight: Condemn US aggression; Stand with Cuba, Venezuela and Iran; Politburo to Central government