തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പേരുകളിലും ഇനീഷ്യലുകളിലുമുള്ള ചെറിയ അക്ഷരപിഴവ് മൂലം 18 ലക്ഷത്തോളം പേര്‍ക്കാണ് അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടി വന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മൂലമാണ് ഈ പിഴവുകള്‍ ഉണ്ടാകുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെ കുഴപ്പം കൊണ്ടല്ല, കമ്മീഷന്റെ പിഴവ് മൂലമാണ് ഇത്രയും ആളുകള്‍ക്ക് അധിക രേഖകള്‍ നല്‍കേണ്ടി വന്നത്. അതുകൊണ്ട് തന്നെ പൗരന്മാരെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
18 ലക്ഷം പേര്‍ക്ക് ഹിയറിങ്ങിനുള്ള നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ നോട്ടീസുകള്‍ മുഴുവന്‍ പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ബി.എല്‍.ഒമാര്‍ നേരിട്ടെത്തി അപേക്ഷകരെ കണ്ട് തെറ്റുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന്റെ പേരില്‍ ആളുകളെ വീണ്ടും ഹിയറിങ്ങിനായി വിളിച്ചുവരുത്തുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞ വാക്ക് പാലിക്കുന്നില്ല. നടപടിക്രമങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അനധികൃത വോട്ട് നീക്കുന്നുവെന്ന പേരില്‍ ഫോം ഏഴിന്റെ ഗുരുതരമായ ദുരുപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് ഫോം 7 സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്കെതിരെയും പരിശോധന കൂടാതെ അനുമതി നല്‍കുന്ന ബി.എല്‍.ഒമാര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഒരാളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ പലരും തെറ്റായ വിവരങ്ങളോട് കൂടി ഫോം 7 സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലബാറിലെ ജില്ലകളിലെ ഫോം ഏഴിന്റെ ദുരുപയോഗം കൂടുതലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എസ്.ഐ.ആര്‍ എന്നത് പൗരത്വ പരിശോധന കൂടിയായതിനാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കുറച്ചധികം ഗൗരവം കാണിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു . ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഫോം 6, ഫോം 6എ- പുതുതായി വോട്ട് ചേര്‍ക്കുന്നതിന്
ഫോം 7 – വോട്ട് നീക്കം ചെയ്യുന്നതിന്
ഫോം 8 – ഫോമിലെ തിരുത്തലുകള്‍ക്കാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച പൗരന്മാരായ പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാനുള്ള ഫോം 6എയില്‍ ജനനസ്ഥലം രേഖപ്പെടുത്താനുള്ള കോളം ഉള്‍പ്പെടുത്തണമെന്നും ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.
Content Highlight: Concerns over SIR; Widespread misuse of Form 7 in Malabar districts: VD Satheesan