പാരീസ്: ഇസ്രഈല്‍ കമ്പനിയായ ടെറിഫിക്കുമായുള്ള കരാര്‍ റദ്ദാക്കി ഫ്രഞ്ച് പബ്ലിക്ക് ബ്രോഡ്കാസ്റ്ററായ ഫ്രാന്‍സ് ടെലിവിഷന്‍. 2027ലെ ഫ്രഞ്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ വ്യക്തിഗത വിവരങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും ശേഖരിക്കാന്‍ കമ്പനിക്ക് അനുവാദം നല്‍കുന്നതായിരുന്നു ഈ കരാര്‍.
അന്വേഷണാത്മക വാര്‍ത്താ വെബ്സൈറ്റായ ‘മീഡിയപാര്‍ട്ട്’ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. ഇതോടെ സംഭവം വലിയ വിവാദമാവുകയും ഫ്രാന്‍സ് ടെലിവിഷന്‍ ഈ കരാറില്‍ നിന്ന് അടിയന്തരമായി പിന്മാറുകയുമായിരുന്നു.
ഫ്രാന്‍സ് 2 ചാനലിലെ പ്രമുഖ രാഷ്ട്രീയ പരിപാടിയായ ‘L’Heure de Vérité’ (സത്യത്തിന്റെ നിമിഷം) എന്ന തത്സമയ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രതികരണങ്ങളും രാഷ്ട്രീയ നിലപാടുകളും ശേഖരിക്കാനായിരുന്നു ‘ടെറിഫിക്’ (Terrific) എന്ന ഇസ്രഈലി ഡാറ്റ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഈ കമ്പനിയുടെ സഹ-ഉടമയ്ക്ക് നെതന്യാഹുവുമായി അടുത്ത രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളുണ്ടെന്ന് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. 2027-ല്‍ ഫ്രാന്‍സില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ദശലക്ഷക്കണക്കിന് പൗരന്മാരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ചിന്തകളും അടങ്ങുന്ന വിവരങ്ങള്‍ ഒരു വിദേശ കമ്പനിയുടെ കൈകളില്‍ എത്തുന്നതില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് തന്നെ ഇത് ഭീഷണിയാണെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ടെറിഫിക് വികസിപ്പിച്ച സാങ്കേതിക ഉപകരണങ്ങള്‍ സൈബര്‍ സുരക്ഷാ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍പും ചില പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതാണ്.
വിവാദം ശക്തമായതോടെ ഇസ്രഈലി കമ്പനിയുമായുള്ള സഹകരണം പൂര്‍ണമായും അവസാനിപ്പിച്ചതായി ഫ്രാന്‍സ് ടെലിവിഷന്‍ മാനേജ്മെന്റ് അറിയിച്ചു. ഇനി മുതല്‍ ഇത്തരം ഡാറ്റാ ശേഖരണങ്ങള്‍ക്കായി സ്വന്തം സാങ്കേതിക വിഭാഗത്തെ മാത്രമേ ഉപയോഗിക്കൂ എന്നും അവര്‍ അറിയിച്ചു.
Content Highlight: Concerns over potential voter data leaks; French public television cancels contract with Israeli company following intense controversy.