കാലിഫോർണിയ: കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളെ തുടർന്ന് ചൈനീസ് എ.ഐ ചാറ്റ് ബോട്ടായ ടോക്കിയെ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്നും ആഗോളതലത്തിൽ നീക്കം ചെയ്ത് ആപ്പിൾ.
കുട്ടികളുമായി ദോഷകരമായ ഇടപെടലുകൾ ഉണ്ടായതിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ടോക്കിയെ ആപ്പിൾ നീക്കം ചെയ്തത്.
ആപ്പിളും യു.കെ ആസ്ഥാനമായുള്ള ‘ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും’ ചേർന്നാണ് അന്വേഷണം നടത്തിയത്.
ചാറ്റ്ബോട്ടിലെ എ.ഐ നിർമിത കഥാപാത്രങ്ങളും കുട്ടികളും തമ്മിൽ ലൈംഗികമായ സംഭാഷണങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ചൈനീസ് കമ്പനിയായ മിനിമാക്സാണ് ടോക്കി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിനെ വികസിപ്പിച്ചെടുത്തത്.
അമേരിക്കയിലും ഓസ്ട്രേലിയയിലും നടത്തിയ അന്വേഷണത്തിൽ തങ്ങളുടെ കുട്ടികളും എ.ഐ കഥാപാത്രങ്ങളും തമ്മിൽ അസഭ്യം നിറഞ്ഞ സംഭാഷണങ്ങൾ നടന്നിട്ടുണ്ടെന്ന് ചില മാതാപിതാക്കൾ പറഞ്ഞതായി കണ്ടെത്തി.
സാധാരണ എ.ഐ അസിസ്റ്റന്റുകളിൽ നിന്നും വ്യത്യസ്തമായി ടെക്സ്റ്റ് വഴിയും ശബ്ദ സന്ദേശങ്ങൾ വഴിയും വെർച്വൽ കഥാപാത്രങ്ങളായും വ്യക്തിപരമായ ബന്ധങ്ങൾ ഉണ്ടാക്കാൻ ചാറ്റ്ബോട്ടായ ടോക്കിയിലൂടെ കഴിയും.
അതിനാൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാൻ അനുമതിയുള്ളത്. എന്നാൽ ആയിരകണക്കിന് കുട്ടികളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
ലോകമെമ്പാടുനിന്നും ഈ ആപ്പ് നീക്കം ചെയ്തതായി ആപ്പിൾ സ്ഥിരീകരിച്ചു. എന്നാൽ അഞ്ച് കോടിയിലധികം തവണ ഡൗൺലോഡ് ചെയ്ത ഗൂഗിൾ പ്ലേസ്റ്റോറിൽ ചൊവ്വാഴ്ച്ചയടക്കം ടോക്കി ലഭ്യമായിരുന്നെന്ന് അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു.
Content Highlight: Concerns over children’s safety: Apple removes Chinese AI chatbot ‘Toki’ from the App Store.