| Monday, 28th April 2025, 1:23 pm

മെസിപ്പടയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ടാം തവണയും തല താഴ്ത്തി!

സ്പോര്‍ട്സ് ഡെസ്‌ക്

കോണ്‍കാകഫില്‍ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തി എഫ്.സി. ഡല്ലാസിന് തകര്‍പ്പന്‍ വിജയം. സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെസിയും സംഘവും പരാജയപ്പെട്ടത്. മത്സരത്തില്‍ എട്ടാം മിനിട്ടില്‍ ഷാക്കുല്‍ മൂറിലൂടെ വലകുലുക്കിയാണ് ഡല്ലാസ് തുടങ്ങിയത്.

ഫഫ പിക്കല്‍ട്ടിലൂടെ 16ാം മിനിട്ടില്‍ തിരിച്ചടിച്ച മയാമിക്ക് വേണ്ടി 29ാം മിനിട്ടില്‍ അലന്‍ ഒബെന്‍ഡോയും 56ാം മിനിട്ടില്‍ ഡേവിഡ് മാര്‍ട്ടിനെസും ഗോള്‍ നേടിയതോടെ ടീം രണ്ട് ഗോളിന്റെ ലീഡില്‍ എത്തി. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു.

64ാം മിനിട്ടില്‍ ഒസാസ് ഉര്‍ഹോഗിഡും 69ാം മിനിട്ടില്‍ ആന്‍ഡേഴ്‌സന്‍ ജൂലിയോയും ഗോള്‍ നേടിയതോടെ ഡല്ലാസ് മയാമിക്ക് ഒപ്പമെത്തി. ആവേശം നിറഞ്ഞ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ വിജയ ഗോളിന് വേണ്ടി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഡല്ലാസിന്റെ പെഡ്രീഞ്ഞയുടെ കാലില്‍ നിന്ന് മയാമിയുടെ നെഞ്ചത്ത് പതിക്കുകയായിരുന്നു.

അവസാന സെക്കന്റുകളില്‍ ഡല്ലാസിന്റെ പ്രതിരോധം മറികടന്ന് സമനിലഗോള്‍ കണ്ടെത്താന്‍ മെസിപ്പടയ്ക്ക് സാധിക്കാതെ വരികയായിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് മയാമി ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ വാന്‍കൂവറിനോടും മയാമി തോല്‍വി വഴങ്ങിയിരുന്നു. ബി.സി പ്ലേസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വാന്‍കൂവര്‍ വിജയിച്ചുകയറിയത്.

ഇതോടെ മെസിയുടെ ഫോം മങ്ങുകയാണോ എന്ന ആശങ്കയിലാണ് ആരാധകരും. 2026 ലോകകപ്പ് മുന്നിലുള്ളപ്പോള്‍ മെസിയുടെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നുണ്ട്. ഇതുവരെ ലോകകപ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് താരം കൃത്യമായി പറഞ്ഞിട്ടില്ല.

നിലവില്‍ ലീഗില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മയാമി. ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം മെയ് ഒന്നിന് എഫ്.സി. വാന്‍കൂവറിനോടാണ്.

Content Highlight: Concacaf: Inter Miami Lose Against F.C Dallas

We use cookies to give you the best possible experience. Learn more