| Monday, 30th June 2025, 8:13 am

അടി, തിരിച്ചടി, പെനാല്‍ട്ടി ഷൂട്ട്ഔട്ട്, ഒടുവില്‍ സെമിയില്‍; സ്വര്‍ണകപ്പിനായുള്ള പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി യു.എസ്.എ സെമി ഫൈനലില്‍. യു.എസ്. ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് അമേരിക്ക വിജയിച്ചുകയറിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് വഴിമാറിയത്. ഇതില്‍ യു.എസ്.എ 4-3ന് വിജയം സ്വന്തമാക്കി.

4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ആദ്യ വിസില്‍ മുതല്‍ മികച്ച പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.

മത്സരത്തിന്റെ 12ാം മിനിട്ടില്‍ കോസ്റ്റാറിക്ക മുമ്പിലെത്തി. തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഫ്രാന്‍സിസ്‌കോ കാല്‍വോ വലയിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ യു.എസ്.എ ഡിയാഗോ ലൂണയിലൂടെ തിരിച്ചടിച്ചു. മാക്‌സിമിലിയന്‍ ആര്‍ഫ്സ്റ്റണിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ യു.എസ്.എ ലീഡ് നേടി. നേരത്തെ ആദ്യ ഗോളിന് വഴിയൊരുക്കിയ മാക്‌സിമിലിയന്‍ ആര്‍ഫ്സ്റ്റണ്‍ ഇത്തവണ ഗോളുമായി തിളങ്ങി. മാലിക് ടില്‍മാനാണ് ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിന്റെ 71ാം മിനിട്ടില്‍ അലോണ്‍സോ മാര്‍ട്ടീനസിലൂടെ കോസ്റ്റാറിക്ക ഒപ്പമെത്തി. തുടര്‍ന്ന് ഇരുവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടന്നു.

ആദ്യ കിക്ക് ഇരു ടീമുകളും പിഴവേതുമില്ലാതെ വലയിലെത്തിച്ചപ്പോള്‍ രണ്ടാം കിക്കില്‍ കോസ്റ്റാറിക്കയ്ക്ക് പിഴച്ചു. 2-1 എന്ന ലീഡില്‍ മൂന്നാം കിക്കെടുത്ത യു.എസ്. താരം സെബാസ്റ്റ്യന്‍ ബെര്‍ഹാല്‍ട്ടറിന് പന്ത് വലയിലെത്തിക്കാന്‍ സാധിക്കാതെ പോയതോടെ സാന്‍ഡിയാഗോ വാന്‍ ഡെര്‍ പുള്‍ട്ടണ്‍ കോസ്റ്ററിക്കയെ ഒപ്പമെത്തിച്ചു.

നാലാം കിക്ക് ഇരുവരും വലയിലെത്തിക്കുകയും അഞ്ചാം കിക്കില്‍ ഒരുപോലെ പിഴയ്ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ സഡന്‍ ഡെത്തിലേക്കെത്തി. സഡന്‍ ഡെത്തിലെ ആദ്യ ഷോട്ട് ഡേമിയന്‍ ഡൗണ്‍സ് അമേരിക്കക്കായി വലയിലെത്തിക്കുകയും കോസ്റ്റാറിക്കന്‍ താരത്തിന് പിഴയ്ക്കുകയും ചെയ്തതോടെ യു.എസ്.എ സെമിക്ക് ടിക്കറ്റെടുത്തു.

പെനാല്‍ട്ടി ഷൂട്ട്ഔട്ട്

ടെയ്‌ലര്‍ ആദംസ്  ✅ ✅ അലോണ്‍സോ മാര്‍ട്ടീനസ്

മാലിക് ടില്‍മാന്‍  ✅ ❌ ജുവാന്‍ പാബ്ലോ വര്‍ഗാസ്

സെബാസ്റ്റിയന്‍ ബെര്‍ഹാല്‍ട്ടര്‍ ❌ ✅ സാന്‍ഡിയാഗോ വാന്‍ ഡെര്‍ പുള്‍ട്ടണ്‍

അലക്‌സ് ഫ്രീമാന്‍ ✅  ✅ ജെഫേഴ്‌സണ്‍ ബ്രെനെസ്

ജോണ്‍ ടോല്‍കിന്‍ ❌ ❌ഫ്രാന്‍സിസ്‌കോ കാല്‍വോ

ഡേമിയന്‍ ഡൗണ്‍സ് ✅ ❌ ആന്‍ഡി റോജസ്

ജൂലൈ മൂന്നിന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കാനഡയെ തോല്‍പ്പിച്ചെത്തിയ ഗ്വാട്ടിമാലയാണ് എതിരാളികള്‍. എനര്‍ജൈസര്‍ പാര്‍ക്കാണ് വേദി.

അതേ ദിവസം ലീവൈസ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ മെക്‌സിക്കോ ഹോണ്ടുറാസിനെ നേരിടും. ജൂലൈ ഏഴിനാണ് ഗോള്‍ഡ് കപ്പ് കിരീടത്തിനായുള്ള പോരാട്ടം. എന്‍.ആര്‍.ജി സ്‌റ്റേഡിയമാണ് വേദി.

Content Highlight: CONCACAF Gold Cup: USA advanced to Semi Final

We use cookies to give you the best possible experience. Learn more