| Thursday, 20th February 2025, 7:21 pm

യെന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതി; ശങ്കറിന്റെ 10 കോടിയിലധികം സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സംവിധായകന്‍ ഷങ്കറിനെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍. ഷങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. പകര്‍പ്പാവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രജിനികാന്ത് നായകനായ യെന്തിരന്‍ സിനിമയുടെ കഥ ഷങ്കര്‍ മോഷ്ടിച്ചതാണെന്നാണ് പരാതി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഷങ്കറിനെതിരായ നടപടി.

10 കോടിയിലധികം മൂല്യം വരുന്ന ഷങ്കറിന്റെ മൂന്ന് സ്ഥാവര സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.

എഴുത്തുകാരനായ ആറൂര്‍ തമിഴ്‌നാടാനാണ് ഷങ്കറിനെതിരെ പരാതി നല്‍കിയത്. തന്റെ ‘ജിഗുബ’ എന്ന കഥയുമായി യെന്തിരന്‍ സിനിമയ്ക്ക് സാമ്യമുണ്ടെന്നാണ് ആറൂര്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജിഗുബയ്ക്കും യെന്തിരനും കാര്യമായ സാമ്യതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സിനിമയിലെയും ജിഗുബയിലെയും കഥാപാത്രങ്ങളുടെ അവതരണം, ഘടന തുടങ്ങിയ കാര്യങ്ങളിലാണ് എഫ്.ടി.ഐ.ഐ സാമ്യം കണ്ടെത്തിയത്.

ഇതിനിടെ യെന്തിരന്‍ സിനിമയില്‍ നിന്ന് 11.5 കോടി രൂപ ഷങ്കറിന് ലഭിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായാണ് ഷങ്കറിന് ഈ തുക ലഭിച്ചത്.

രജനികാന്തും ഐശ്വര്യ റായിയും മുഖ്യകഥാപാത്രങ്ങളായെത്തിയ യെന്തിരന്‍ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ലോകത്തുടനീളമായി 290 കോടി രൂപ യെന്തിരന്‍ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

Content Highlight: Complaint that Enthiran’s story was stolen; ED confiscated more than 10 crores of Shankar’s property

Latest Stories

We use cookies to give you the best possible experience. Learn more